സാബു എം.ജേക്കബ്, പി.വി.ശ്രീനിജിൻ

കൊച്ചി∙ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബ് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രതികരണവുമായി പാർട്ടി. സിപിഎമ്മിന്റെ സംഘനാശേഷിയെ ‌നിഷ്പ്രഭമാക്കുന്ന തരത്തിൽ ട്വന്റി20 പൂതൃക്കയിൽ സമ്മേളനം നടത്തിയതിന്റെയും, കേരളം മാറിമാറി ഭരിച്ച മുന്നണികൾക്ക് ചിന്തിക്കാൻ പോലുമാകാത്ത കർമ്മപദ്ധതികൾ പ്രഖ്യാപിച്ചതിന്റെയും വൈരാഗ്യത്തിലാണ് ശ്രീനിജിനും സിപിഎമ്മും പരാതിയുമായി രംഗത്തെത്തിയതെന്ന് ട്വന്റി20 ആരോപിച്ചു.

സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജിനും സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനുമാണ് രാതി നൽകിയത്.

‘‘സിപിഎമ്മിന്റെ സംഘടനാശേഷിയെത്തന്നെ നിഷ്പ്രഭമാക്കുന്നതരത്തിൽ ട്വന്റി20 പാർട്ടി പൂതൃക്കയിൽ മഹാസമ്മേളനം നടത്തിയതിലും, കേരളം മാറിമാറി ഭരിച്ച മുന്നണികൾക്ക് ചിന്തിക്കാൻ പോലുമാകാത്ത കർമ്മപദ്ധതികൾ പ്രഖ്യാപിച്ചതിലുമുള്ള വൈരാഗ്യമാണ് സാബു എം.ജേക്കബിനെതിരെ ഒരിക്കലും നിലനിൽക്കില്ലാത്ത കള്ളക്കേസുകൾ എടുക്കാൻ ഭരണകക്ഷിയായ സിപിഎമ്മിനെയും കുന്നത്തുനാട് എംഎൽഎയെയും പ്രേരിപ്പിച്ചത്.

‘‘കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽവച്ച് മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒന്നടങ്കം നടത്തിയ നവകേരളസദസ്സിൽ പങ്കെടുത്തതിന്റെ നാലിരട്ടി ആളുകളാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അതേ വേദിയിൽ നടന്ന ട്വന്റി20യുടെ മഹാസമ്മേളനത്തിൽ പങ്കെടുത്തത്.

‘‘പൂതൃക്കയിൽ സാബു എം. ജേക്കബ് നടത്തിയ പ്രഖ്യാപനങ്ങൾ സിപിഎമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നൽകും, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും, കിഴക്കമ്പലം മോഡലിൽ ഭക്ഷ്യധാന്യങ്ങൾക്കും മരുന്നിനും 50% വരെ വില കുറയ്ക്കും, ആറു മാസത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ 80% കുറയ്ക്കും, മന്ത്രിമാരുടെ എണ്ണം 21ൽനിന്നും 11 ആയി കുറയ്ക്കും എന്നിവയാണ് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടവ.

‘‘സാബു എം.ജേക്കബിനെയും ട്വന്റി20 പാർട്ടിയെയും കള്ളക്കേസിൽ കുടുക്കി നിശബ്ദമാക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സിപിഎമ്മും കുന്നത്തുനാട് എംഎൽഎയും ശ്രമിക്കുന്നത്.’’ – പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.