കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഫീസുകള്‍ പകുതിയാക്കി കുറച്ച് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ഫോറസ്റ്റ് സര്‍ക്കിള്‍. പ്രശസ്തമായ നിരവധി ട്രെക്കിങ് ട്രയലുകള്‍ ഉള്ള പ്രദേശമാണിവിടം. പ്രവേശന ഫീസുകളും ടെന്റിങ് ഉള്‍പ്പടെയുള്ള ആക്റ്റിവിറ്റി ഫീസുകളും കുറച്ചിട്ടുണ്ട്. ഈ പ്രദേശത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ട്രെക്കിങ്ങിനുള്ള ഫീസ് 200 രൂപയില്‍ നിന്ന് 100 രൂപയായാണ് കുറച്ചിരിക്കുന്നത്. ഒരു ദിവസത്തേക്കുള്ള ഫീസാണിത്. ഇതോടെ ട്രെക്കിങ്ങിന് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ടെന്റ് സ്റ്റേയ്ക്കുള്ള ഫീസ് നേരത്തെ രണ്ടുപേര്‍ക്ക് 1,100 രൂപയായിരുന്നത് 550 രൂപയാക്കി. പ്രവേശന ഫീസ് ഉള്‍പ്പടെയാണിത്.
പ്രാദേശിക ടൂറിസ്റ്റ് ഗൈഡുമാര്‍ അടക്കേണ്ടിയിരുന്ന ഫീസ് പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന് കീഴില്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്ത ഗൈഡുമാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ കൂടുതല്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഹിമാചലിലെ പ്രശസ്തമായ ത്രിയുണ്ട് ട്രെക്കിങ്ങിന് ഉള്‍പ്പടെ ഈ ഫീസ് ഇളവ് ലഭിക്കും. ഹിമാലയത്തിലെ തന്നെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളില്‍ ഒന്നാണിത്. ധര്‍മശാലയില്‍ നിന്നാണ് ഈ ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെ ക്യാംപിങ്ങിനും അവസരമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സംഘവും ഇവിടെ ട്രെക്കിങ് നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
