വിവേക് രാമസ്വാമി

ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റിന്റെ അടുത്ത അനുയായിയായാണ് വിവേക് രാമസ്വാമി സ്വയം ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അയോവ കോക്കസിന് തൊട്ടു മുന്‍പേ അപ്രതീക്ഷിതമായി ട്രംപിന്റെ നാവിന്റെ ചൂടറിയേണ്ടി വന്നതോടെ ഇന്ത്യന്‍ വംശജനായ സ്വാമി ആകെ ഉലഞ്ഞു പോയി. പിന്നാലെ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. ട്രംപുമായുള്ള സ്വാമിയുടെ ബന്ധം അവസാനിച്ചതായി പലരും കരുതി ഇരിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചൊരു വേദിയില്‍ എത്തുന്നത്. അടുത്ത പ്രൈമറി നടക്കുന്ന ന്യൂഹാംപ്ഷയറിലെ അട്കിന്‍സണിലാണ് ട്രംപും സ്വാമിയും വേദി പങ്കിട്ടത്.

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിക്ക് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളില്‍ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ‘വിപി, വിപി, വിപി’ എന്ന വിളികളോടെയാണ് റിപ്പബ്ലിക്കന്‍ അണികള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

രാമസ്വാമിയെ ‘സുഹൃത്ത്’, ‘യഥാര്‍ത്ഥ നേതാവ്’ എന്ന വിശേഷണങ്ങളുമായി ജനക്കൂട്ടത്തിനു പരിചയപ്പെടുത്തിയ ട്രംപ് തന്റെ മുന്‍ എതിരാളിയെ അഭിനന്ദിച്ചതും ശ്രദ്ധേയമായി. ഹ്രസ്വ ഹസ്തദാനം, ആലിംഗനം എന്നിവയ്ക്ക് ശേഷം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ട് രാമസ്വാമി ആവേശകരമായ പ്രസംഗം നടത്തി. യഥാര്‍ത്ഥ ദേശസ്‌നേഹി എന്നാണ് അദ്ദേഹം മുന്‍ പ്രസിഡന്റിന്റെ വിശേഷിപ്പിച്ചത്.

”മുന്നോട്ട് പോകുമ്പോള്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന് എന്റെ പൂര്‍ണ്ണമായ അംഗീകാരം ഉണ്ടായിരിക്കും. ഈ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ ശരിയായ കാര്യം ചെയ്യുകയാണെന്ന് ഞാന്‍ കരുതുന്നു. ഇവിടെയുള്ള ഈ മനുഷ്യനെക്കാള്‍ മികച്ച തിരഞ്ഞെടുപ്പ് ഈ മത്സര രംഗത്ത് അവശേഷിക്കുന്നില്ല. അതുകൊണ്ടാണ് ന്യൂ ഹാംഷെയറില്‍ ശരിയായ തീരുമാനം എടുക്കാനും അടുത്ത പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപിന് വോട്ട് ചെയ്യാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു – രാമസ്വാമി ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചു.

രാമസ്വാമി വേദി വിടുന്നതിന് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്തപ്പോള്‍, ട്രംപിനൊപ്പം ബയോടെക് സംരംഭകന് സാധ്യതയുള്ള ഡെപ്യൂട്ടി പോസ്റ്റിനെക്കുറിച്ച് സൂചന നല്‍കി ജനക്കൂട്ടം വിപി (വൈസ് പ്രസിഡന്റ്) മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനോട് അനുഭാവ പൂര്‍ണമായ നിലപാടാണ് ട്രംപും സ്വീകരിച്ചതെന്നും ശ്രദ്ധേയമായി. അദ്ദേഹം അസാമാന്യ വ്യക്തിയാണ്. അദ്ദേഹം ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം വളരെക്കാലം പ്രവര്‍ത്തിക്കും.’ – മുന്‍ യു.എസ്. പ്രസിഡന്റ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

2016ലെ യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് കുറ്റാരോപണങ്ങളിലൂടെ കടന്നു പോകുന്ന ട്രംപിന്റെ ഏറ്റവും ശക്തമായ അനുകൂലികളില്‍ ഒരാളാണ് രാമസ്വാമി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിവസം തന്നെ ട്രംപിന് മാപ്പ് നല്‍കുമെന്ന് രാമസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ട്രംപിന്റെ പുതിയ പിന്തുണ രാമസ്വാമിക്ക് വൈറ്റ് ഹൗസ് സ്ഥാനമായി മാറിയേക്കില്ല എന്നാണ് അണിയറ സംസാരം. മുന്‍ പ്രസിഡന്റിന്റെ റണ്ണിങ് മേറ്റായി രാമസ്വാമിയെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വോട്ടര്‍മാര്‍ ‘ഒരുപക്ഷേ പുറത്താക്കിയേക്കാം’ അദ്ദേഹത്തെ എന്നും ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ ചൂണ്ടിക്കാട്ടുന്നു. അത് വിവേക് ആയിരിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

അയോവ കോക്കസിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവേകുമായുള്ള ബന്ധം വഷളായിരുന്നു. രാമസ്വാമിയുടേത് ‘വഞ്ചനാപരമായ പ്രചാരണ തന്ത്രങ്ങള്‍’ എന്ന് ആരോപിച്ച് ട്രംപ് ആഞ്ഞടിച്ചതിന് ശേഷം, ‘ട്രംപിനെ രക്ഷിക്കൂ, വിവേകിന് വോട്ട് ചെയ്യൂ’ എന്ന് എഴുതിയ ടീ-ഷര്‍ട്ടുകള്‍ അണിഞ്ഞ് വിവേകിന്റെ അനുയായികള്‍ രംഗത്തുവന്നിരുന്നു. ഇതോടെ വിവേകിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ട്രംപ് രംഗത്തുവരികയും ചെയ്തു.