കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസ് (ഇടത്), കേസിലെ പ്രതികൾ (വലത്)
മാവേലിക്കര ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയതായി കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആദ്യ എട്ടു പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം. മറ്റ് ഏഴു പേർക്കെതിരെ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദം കേട്ടതിനുശേഷം ആയിരിക്കും അന്തിമ വിധി പ്രഖ്യാപിക്കുക. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രതികളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ.
ഡിവൈഎസ്പി എൻ.ആർ.ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.
6000 പേജുകളിലായി മൊഴി
വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയൊക്കെ പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ കേസിൽ സാക്ഷികളാണ്. 6000 പേജുകളിലാണു വിചാരണക്കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. 15 പ്രതികളെയും 2022 ഡിസംബർ 16ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
അമ്മ, ഭാര്യ, മകൾ എന്നിവരുടെ മുന്നിലിട്ടു രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, ഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു ഹാജരാകുന്നത്.
പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം
രൺജീത്തിനെ കൊലപ്പെടുത്തുന്നതിനു മുന്നോടിയായി പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്നായിരുന്നു കുറ്റപത്രം. ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ വയലാറിൽ കൊല്ലപ്പെട്ടതിൽ തിരിച്ചടി ഉണ്ടാകുമ്പോൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കാനാണ് പ്രതികൾ ആദ്യം ഗൂഢാലോചന നടത്തിയത്. പിന്നീട് 2021 ഡിസംബർ 18ന് രാത്രി മണ്ണഞ്ചേരി, ആലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായി ഒത്തുചേർന്നു വീണ്ടും ഗൂഢാലോചന നടത്തി രൺജീത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
രൺജീത് അന്നു വീട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ മൂന്നാം പ്രതി അനൂപിന്റെ നേതൃത്വത്തിൽ വീടിനു മുന്നിലെത്തി അന്വേഷിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിലും മണ്ണഞ്ചേരിയിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും ഒത്തുചേർന്നു തയാറെടുപ്പുകൾ നടത്തി. 6 വാഹനങ്ങളിലായി മഴു, ചുറ്റിക, വാൾ, കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 12 പ്രതികൾ രൺജീത്തിന്റെ വീടിനു സമീപം രാത്രി എത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ മടങ്ങിപ്പോയി.19ന് പുലർച്ചെ വീണ്ടും എത്തിയാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.
കേസിന്റെ പ്രാഥമിക പട്ടികയിൽ 178 സാക്ഷികളും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 380 രേഖകളുമുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമ പ്രകാരമുള്ള കുറ്റം എന്നിവയ്ക്കും തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
