സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓഹരി വിപണിയിലെ പ്രത്യേക വ്യാപാരത്തിന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 313 പോയന്റ് നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 21,700ന് മുകളിലുമെത്തി.
ഏഷ്യന്‍ സൂചികകളില്‍നിന്നുള്ള നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സൂചികകള്‍ നേട്ടമുണ്ടാക്കി. എസ്ആന്‍ഡ് പി 500 സൂചിക റെക്കോഡ് നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 1.23 ശതമാനം ഉയര്‍ന്ന് 4,839.81ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ദാക്ക് 1.70 ശതമാനം ഉയര്‍ന്ന് 15,310ലുമെത്തി.
റിക്കവറി ഡിസാസ്റ്റര്‍ സൈറ്റ് പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്. രാവിലെ 9.30ന് തുടങ്ങിയ വ്യാപാരം വൈകീട്ട് 3.30വരെ ഉണ്ടാകും. അസാധാരണ സാഹചര്യങ്ങളില്‍ വിപണിയില്‍ വ്യാപാരം തടസ്സപ്പെട്ടാല്‍ നിശ്ചിത സമയത്തിനകം പുനരാരംഭിക്കുന്നതിനുള്ള സംവിധാനമാണ് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്.
മഹാരാഷ്ട്ര സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ച വിപണി പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്കിനും അവധിയായിരിക്കും.
