പി.രാജു (File Photo: Manorama), അഹമ്മദ് റസീൻ

കൊച്ചി∙ പച്ചക്കറി കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിപിഐ നേതാവ് പി.രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിയെന്ന് പരാതി. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജു, ധനീഷ് എൻ.എം, വിതുൽ ശങ്കർ, സി.വി.സായ് എന്നിവർക്കെതിരെയാണ് തൃശൂർ എടവിലങ്ങ് എസ്.എൻ.പുരം സ്വദേശിയായ അഹമ്മദ് റസീൻ പരാതി നൽകിയത്.

കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആയതിനാൽ ഹോർട്ടികോർപ്പിൽ സ്വാധീനമുണ്ടെന്നും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി കൊണ്ടുവന്നു വിറ്റാൽ വൻ ലാഭമുണ്ടാക്കാമെന്നും പറ‍ഞ്ഞാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. നിരവധി പേരുടെ കയ്യിൽനിന്ന് പണം കടം വാങ്ങിയാണ് ബിസിനസിൽ നിക്ഷേപിച്ചതെന്നും എന്നാൽ ലാഭവും മുടക്കുമുതലും ഒന്നു ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

പാലാരിവട്ടം അഞ്ചുമനയിൽ ഓട്ടോ മേറ്റ്സ് എന്ന കാർ സർവീസിങ് സെന്റർ നടത്തി വരികയായിരുന്ന താൻ രണ്ടു വര്‍ഷം മുമ്പ് ധനീഷ് പറഞ്ഞതു പ്രകാരമാണ് സിപിഐ ഓഫീസിലെത്തി അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജുവിനെ കണ്ടതെന്ന് അഹമ്മദ് റസീൻ പരാതിയിൽ പറഞ്ഞു. തുടർന്ന് ഹോർട്ടികോർപ്പിൽ പച്ചക്കറി വിറ്റാൻ വൻ ലാഭമുണ്ടാക്കാമെന്നും ഭരണസ്വാധീനമുള്ളതിനാൽ പെട്ടെന്ന് ബില്ലുകൾ മാറി കിട്ടുമെന്നും പറഞ്ഞ് തന്നെ നിർബന്ധിച്ച് ബിസിനസിൽ പങ്കാളിയാക്കി. തുടർന്ന് പച്ചക്കറി വാങ്ങി ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തു പല തവണകളായി 62 ലക്ഷം രൂപ പി രാജുവിന്‍റെ നിർദേശ പ്രകാരം ഡ്രൈവര്‍ ധനീഷിനും സുഹൃത്ത് വിതുലിനും നല്‍കി.

ഇതില്‍ 17 ലക്ഷം രൂപ തിരിച്ചു കിട്ടി. ബാക്കി 45 ലക്ഷം രൂപ കിട്ടിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ഇവര്‍ക്ക് പണം കിട്ടിയതായി അറിഞ്ഞു. താൻ കൊടുത്ത പണത്തില്‍ നിന്ന് 15 ലക്ഷം രൂപ ചിലവിട്ട് പി.രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയെന്നും അറിയാൻ സാധിച്ചു. പ്രതികൾ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്നും അഹമ്മദ് റസീൻ പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ അടക്കം ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്ന് വൈകിട്ട് ഈ രേഖകൾ പൊലീസിൽ ഹാജരാക്കുമെന്നും അഹമ്മദ് റസീൻ മനോരമ ഓൺലൈനിനോടു പറ‍ഞ്ഞു.

പരാതിയുമായി യാതൊരു ബന്ധവുമില്ല: പി.രാജു

പരാതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രാജു പറഞ്ഞു. പരാതിക്കാരനെ ടിവിയിൽ കാണിച്ചപ്പോഴാണ് ആദ്യമായി കാണുന്നതു തന്നെ. എന്റെ ഡ്രൈവറും വേറൊരാളും ചേർന്ന് പച്ചക്കറി ബിസിനസ് ചെയ്യുന്നുണ്ട് എന്നൊക്കെ ഈ അടുത്ത കാലത്താണ് ഞാൻ അറിയുന്നത്. ഇങ്ങനെ ഒരു കാര്യം ഞാൻ അറിഞ്ഞിരുന്നില്ല, എന്റെ സഹായം ഇന്നേ വരെ അവർ ആവശ്യപ്പെട്ടിട്ടും ഇല്ല – പി. രാജു പറഞ്ഞു.

‘‘ടിവിയിൽ കണ്ടപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് ഡ്രൈവറോട് ചോദിച്ചു. അപ്പോൾ അവർ പറയുന്നത് ഈ പരാതിക്കാരൻ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു എന്നും ഇവർ എല്ലാ രേഖകളുമായി ഹാജരായി എന്നുമാണ്. പരാതിക്കാരന് കൊടുക്കാനുള്ള മുഴുവൻ പണവും ബാങ്ക് അക്കൗണ്ട് വഴി കൊടുത്തതായ എല്ലാ രേഖകളും ഇവരുടെ പക്കലുണ്ട്. തുടർന്നാണ് ഇതിൽ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. ഇതൊക്കെ ഇന്നലെയാണ് ഞാൻ അറിയുന്നത്.

ഇപ്പോൾ പാർട്ടിക്കകത്ത് നിലനിൽക്കുന്ന ചില വിഭാഗീയ പ്രശ്നങ്ങളൊക്കെ അറിയാമല്ലോ. അതിന്റെ മറവിൽ എന്നെ നശിപ്പിക്കാനുള്ള മാർഗങ്ങളെല്ലാം ആലോചിച്ചപ്പോൾ ഉണ്ടായതാവാനാണ് വഴി. കാരണം ഫണ്ടുമായി ബന്ധപ്പെട്ട് അവർ കൊണ്ടുവന്ന കണക്കെല്ലാം തെറ്റാണെന്നാണ് പുതിയ ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും കൂട്ടരും കൊണ്ടുവന്ന കണക്ക് ശരിയല്ലെന്നാണ് കണ്ടെത്തിയത് എന്നാണ് പറയുന്നത്. ചെറിയൊരു തുക മാത്രമേ വ്യത്യാസം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. അതും ഒരു വിശദീകരണം കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ.

ഈ വിഷയം ഇന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കാനിരിക്കുകയാണ്. അതുകൊണ്ട് ഇന്നലെ തന്നെ ഈ പരാതിക്കാരനെ തപ്പിപ്പിടിച്ച് കൊണ്ടുവന്ന് പ്രസ്താവന ഒക്കെ കൊടുപ്പിച്ചതാണ്. അല്ലാതെ ഇയാളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇയാളെ അറിയില്ല. എന്റെ ഓഫീസിലും വന്നിട്ടില്ല. ഇതും കൂടി എന്റെ തലയിൽ ഇരിക്കട്ടെ എന്നു കരുതിക്കാണും, ഇതിനൊക്കെ പിന്നിൽ എന്റെ പാർട്ടിക്കാരു തന്നെ കാണും.’’– രാജു വ്യക്തമാക്കി.

അതേസമയം, പി.രാജുവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് രേഖകളൊന്നും സമർപ്പിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.