പ്രകാശ് ജാവഡേക്കർ

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘‘മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എന്താണ് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തിൽ കാര്യമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ അതു മനസിലാകും. കേസുകളിൽ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം തമാശയാണ്.’’– അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.