കണ്ണൂർ∙ സെൻട്രൽ ജയിലിൽ നിന്നു തടവ് ചാടിയ ലഹരിമരുന്നു കേസിലെ പ്രതി കൊയ്യോട് സ്വദേശി ടി.സി.ഹർഷാദ് കടന്നുകളഞ്ഞതു ബെംഗളൂരുവിൽ നിന്നു വാടകയ്ക്കെടുത്ത ബൈക്കിൽ. ബൈക്ക്, ഇവിടെ തിരിച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഹർഷാദിനെ തേടി, സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡ് ബെംഗളൂരുവിൽ വ്യാപകമായ അന്വേഷണം തുടരുകയാണ്. ആസൂത്രിതമായാണു ഹർഷാദ് കടന്നുകളഞ്ഞതെന്നും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തു സംഘമാണു പിറകിലെന്നും വ്യക്തമാകുന്ന തെളിവുകളാണിത്. ഹർഷാദിനായി കോയമ്പത്തൂരിലും അന്വേഷണം നടക്കുന്നുണ്ട്.
വീഴ്ചകൾ ഒട്ടേറെ
അതേസമയം, ജയിൽ ചാട്ടത്തെ പറ്റി ജയിൽ ഡിഐജിയുടെ അന്വേഷണം തുടരുകയാണ്. ജയിൽ ഡിഐജിക്കു വേണ്ടി, തവനൂർ ജയിൽ സൂപ്രണ്ട് ജയകുമാറാണ് അന്വേഷണം നടത്തുന്നത്. അദ്ദേഹം ഇന്നലെ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാത്രം സെൻട്രൽ ജയിലിലെത്തിയ ഹർഷാദിനെ വെൽഫെയർ വകുപ്പിൽ നിയോഗിച്ചതു ഗുരുതരമായ വീഴ്ചയാണെന്നു വിലയിരുത്തപ്പെടുന്നു.
പുറത്തുള്ളവരുമായി ബന്ധം പുലർത്താൻ സാധ്യതയുള്ള ലഹരിമരുന്നു കേസുകളിലെ പ്രതികളെ വെൽഫെയർ വിഭാഗത്തിൽ നിയോഗിക്കാറില്ല. ജയിലിനു പുറത്ത്, ദേശീയപാതയോരത്തിടുന്ന പത്രം എടുത്തു കൊണ്ടുവരാൻ ഇയാളെ ഒറ്റയ്ക്കു നിയോഗിച്ചതിലും വീഴ്ചയുണ്ടെന്നാണു കണ്ടെത്തൽ. തടവുകാരെ പുറത്തു വിടുമ്പോൾ, ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകാറുണ്ട്. ഹർഷാദിന്റെ കാര്യത്തിൽ ഇതുമുണ്ടായില്ല. അതേസമയം, സെൻട്രൽ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി.
