മോടിയിൽ… പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നടത്തിയ റോഡ് ഷോ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സമീപം.

കൊച്ചി ∙ നഗരവീഥികളിൽ പുഷ്പവൃഷ്ടിയോടെ ജനസാഗരത്തിന്റെ അഭിവാദ്യം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനു തുടക്കം. അറിയിച്ചിരുന്നതിലും ഒന്നര മണിക്കൂറിലേറെ വൈകി കെപിസിസി ജംക്‌ഷനിൽനിന്ന് രാത്രി 7.44നു റോഡ് ഷോ ആരംഭിക്കുമ്പോൾ പാതയുടെ ഇരുവശങ്ങളിലും ആയിരങ്ങൾ നിറഞ്ഞിരുന്നു. 1.30 കിലോമീറ്റർ ദൂരം അരമണിക്കൂർ കൊണ്ടു കൊണ്ടു പിന്നിടുമ്പോഴേക്കും വാഹനം പൂക്കളാൽ മൂടിയ നിലയിലായി.

വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവഡേക്കർ എംപി തുടങ്ങിയവരും വിമാനത്താവളത്തിലെത്തിൽ എത്തിയശേഷം റോ‍ഡ് മാർഗം എംജി റോഡ് വഴി കെപിസിസി ജംക്‌ഷനിലെത്തി. ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെയായിരുന്നു തുറന്ന വാഹനത്തിലെ റോഡ് ഷോ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വാഹനത്തിൽ മോദിയെ അനുഗമിച്ചു.

ഗവ. ഗെസ്റ്റ് ഹൗസിലാണു മോദി താമസിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മോദി ഇന്നു രാവിലെ 6 നു നാവികസേനാ താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. പിന്നീടു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.