വി.ഡി.സതീശൻ
കൊച്ചി∙ സംഘപരിവാര്‍- സിപിഎം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്നു കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നേരത്തെ നാലു കേസുകളില്‍ സിപിഎം–ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നെന്ന് സതീശൻ പറഞ്ഞു.
വീണയ്ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി നാവ് ഉപ്പിലിട്ടോ, ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിവാദങ്ങളില്‍ സിപിഎമ്മില്‍ ചര്‍ച്ചയില്ലാത്തത് എന്തെന്നും മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരമായി മാറിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
