ലുസെയ്ൽ സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
ദോഹ ∙ ഫുട്ബോൾ ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വർണാഭമായ ചടങ്ങുകളോടെ എഎഫ്‌സി ഏഷ്യൻ കപ്പിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. പതിനായിരങ്ങളെ സാക്ഷിയാക്കി കളിയാവേശത്തിന് തുടക്കമിട്ടത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏഷ്യൻ വൻകരയുടെ പോരാട്ടത്തിന് തുടക്കമിട്ടത് ഗാസയിലെ പലസ്തീൻ ജനതയ്ക്കായുള്ള പ്രാർഥനയോടെ.
ഇന്നലെ വൈകിട്ട് 5ന് എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. തിങ്ങി നിറഞ്ഞ ഗാലറിയിലേക്ക് അമീർ എത്തിയതോടെ ആരാധകരുടെ ആവേശം കൂടി. ഏഷ്യൻ കപ്പ് അമീർ ഉദ്ഘാടനം ചെയ്തതോടെ കൊട്ടും പാട്ടും ആർപ്പുവിളികളും കയ്യടിയുമായി ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഗാലറികൾ വീണ്ടും ഉണർന്നു. വർണാഭമായ വെടിക്കെട്ട് പ്രദർശനവും അറബ്-ഏഷ്യൻ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുള്ള ഗാനങ്ങളും നൃത്താവിഷ്‌കാരങ്ങളും ആരാധകരെ വിസ്മയിപ്പിച്ചു. ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും സമ്പന്നമായ സംസ്‌കാരത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ള നൃത്താവിഷ്‌കാരങ്ങളായിരുന്നു ഉദ്ഘാടന ചടങ്ങുകളെ സവിശേഷമാക്കിയത്.

ഉദ്ഘാടനത്തിനെത്തിയ അമീർ ഗാലറിക്ക് നേർക്ക് കൈവീശുന്നു
ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോയുടെ അവതരണവും വേറിട്ട കാഴ്ചയായി. ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ഹദാഫ് സ്വദേശി ഗായകനായ ഫഹദ് അൽ ഹജാജിയും കുവൈത്തിന്റെ ഹുമൂദ് അൽഖുധറും ചേർന്നാണ് വേദിയിൽ ആലപിച്ചത്. പലസ്തീൻ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്. ചടങ്ങിൽ അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, ളിംപിക് കമ്മിറ്റി മേധാവികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ശേഷമായിരുന്നു ഖത്തറും ലബനനും തമ്മിലുള്ള മത്സരം. കാണികളുടെ പിന്തുണയിലാണ് മത്സരം നടന്നത്. ഫിഫ ലോകകപ്പിലേത് പോലെ തന്നെ ഫുട്‌ബോൾ ലോകത്തിന്, എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ വച്ചേറ്റവും സവിശേഷമായ ഉദ്ഘാടനമാണ് ഖത്തർ സമ്മാനിച്ചത്. അവിസ്മരണീയമായ ഏഷ്യൻ കപ്പിനാണ് ഖത്തറിൽ വീണ്ടും തിരിതെളിഞ്ഞത്.
