കെ.ജി.പ്രസാദ്, പ്രസാദിന്റെ ആത്മഹത്യാ കുറിപ്പ്

ആലപ്പുഴ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷനിൽനിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു നടപടി. കുടിശിക അടയ്ക്കാനുള്ള തുക പ്രസാദിന്റെ കുടുംബത്തിനു മുംബൈ മലയാളി കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് സഹായിച്ചയാൾ അറിയിച്ചു. എന്നാൽ പിന്നീട് എസ്‌സി–എസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടിസ് മരവിപ്പിച്ചു.

ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നൽകിയത്. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സഹായിച്ച വ്യക്തി പറഞ്ഞു. സഹായിച്ചയാൾക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു. രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീർക്കാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. ‘‘ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നൽകിയില്ല. മന്ത്രി പി. പ്രസാദ് സർക്കാരില്‍ റിപ്പോർട്ട് നൽകാമെന്നു പറഞ്ഞു. സ്വയം മുൻകൈയെടുത്തും ഒരു സഹായവും നൽകിയില്ല. കലക്ടറേറ്റിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ കടമുണ്ട്’’– ഓമന പറഞ്ഞു.

കുടുംബത്തിനെതിരെ പാർട്ടിക്കാർ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും ഓമന കൂട്ടിച്ചേർത്തു. ‘‘സഹായം ലഭിക്കുന്നത് തടയുന്നതിനായി പലരും ശ്രമിക്കുന്നുണ്ട്. ലോണെടുത്തത് മറ്റു പല ആവശ്യങ്ങൾക്കാണെന്നും കടമില്ലെന്നൊക്കെയും പ്രചരിപ്പിക്കുന്നുണ്ട്. കടമെടുത്തതു കൊണ്ടാണല്ലോ ഇപ്പോൾ ജപ്തി നോട്ടിസ് വന്നത്. ഉപകാരം ചെയ്തില്ലെങ്കിലും എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്? 50,000 രൂപയ്ക്ക് എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ? ഒരുവഴിയും ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്’’– ഓമന പറഞ്ഞു.

രണ്ടുവർഷം മുൻപ് പ്രസാദിന്റെ ഭാര്യ ഓമന എസ്‌സി–എസ്ടി വികസന കോർപ്പഷേനിൽനിന്ന് 60,000 രൂപയുടെ വായ്പ എടുത്തിരുന്നു. ഈ വായ്പ കുടിശ്ശികയായതിനെ തുടർന്നാണ് വീടും പുരയിടവും ജപ്തി ചെയ്യുന്നതിനുള്ള നോട്ടിസുമായി ഇന്നലെ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത്. കഴിഞ്ഞ നവംബർ രണ്ടിനാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്ത് അതിൽ വളമിടുന്നതിനായി 50,000 രൂപ വായ്പയെടുക്കാൻ പ്രസാദ് പല ബാങ്കുകൾ കയറിയിറങ്ങിയിരുന്നു. എന്നാൽ വായ്പ ലഭിച്ചില്ല. തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഔദ്യോഗിക തലത്തിൽനിന്ന് നിരവധിപ്പേരെത്തി സഹായം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.