ടി.ജെ.ജോസഫ്, സവാദ് ഫയൽ ചിത്രം
മട്ടന്നൂർ (കണ്ണൂർ)∙ പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കണ്ണൂർ മട്ടന്നൂരിനു സമീപം വാടകവീട്ടിൽ ഒളിവിൽ കഴിയവേ വീടുവളഞ്ഞ് എൻഐഎ സംഘം പിടികൂടിയ സവാദിനെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഈ മാസം 24 വരെ റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന 13 വർഷം സവാദ് എന്തു ചെയ്തുവെന്നും ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത് എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ.
13 വർഷം സ്വദേശത്തും വിദേശത്തും അരിച്ചുപെറുക്കിയിട്ടും വലയിലാകാതെ ഒളിവിൽ കഴിയാൻ ആരെല്ലാം സവാദിനെ സഹായിച്ചു, എവിടെയെല്ലാം താമസിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ എൻഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. വളപട്ടണം, വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ് ഒളിവിൽ കഴിഞ്ഞതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സവാദിനെ സഹായിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാക്ഷികളെയെല്ലാം കോടതി വീണ്ടും വിസ്തരിക്കും. കൂടുതൽ സാക്ഷികളെ ഉൾപ്പെടുത്തും. ളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചു വിവരം ലഭിച്ചാൽ പ്രതിപ്പട്ടികയിലും മാറ്റം വരും.
ആരോടും ബന്ധം പുലർത്താതെയാണ് ഒരു വർഷത്തിലധികമായി ഷാജഹാൻ എന്ന പേരിൽ കഴിഞ്ഞത്. ഭാര്യയും രണ്ടു മക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വിവാദമായ കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് മകളെ സവാദിനു വിവാഹം കഴിച്ചു നൽകിയതെന്നാണ് കാസർകോട്ടുള്ള ഭാര്യവീട്ടുകാരുടെ പ്രതികരണം. പേരും വിലാസവും മാറ്റിപ്പറഞ്ഞ് 8 വർഷം മുൻപാണ് കാസർകോട് സ്വദേശിനിയെ വിവാഹം കഴിച്ചത്.
ഭാര്യയ്ക്കും അയൽക്കാരുമായി അടുപ്പമുണ്ടായിരുന്നില്ല. ഭാര്യയുടെ ഒരു സഹോദരൻ വല്ലപ്പോഴും വരുന്നതൊഴികെ അധികം സന്ദർശകരുമുണ്ടായിരുന്നില്ല. നാട്ടിലെ വിവാഹച്ചടങ്ങുകളിലോ പൊതുപരിപാടികളിലോ പങ്കെടുത്തിരുന്നില്ല.
മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നുണ്ടെങ്കിലും നാട്ടുകാർക്കോ അയൽവാസികൾക്കോ നമ്പർ കൊടുക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഇതേസമയം, ജോലിസ്ഥലത്ത് അടിക്കടി ഫോൺ വരാറുണ്ടായിരുന്നതായി ഒപ്പം ജോലി ചെയ്തവർ പറയുന്നു. ജീൻസും ടീഷർട്ടും ധരിച്ച 2 പേർ തിങ്കളാഴ്ച രാവിലെ 9ന് ബൈക്കിലെത്തി സവാദുമായി സംസാരിച്ചിരുന്നു.
എൻഡിഎഫ് പ്രവർത്തകനായ സവാദ് എറണാകുളം നെല്ലിക്കുഴിയിലെ ഫർണിച്ചർ കടയിൽ ജോലി ചെയ്യവേയാണ് 2010 ൽ കൈവെട്ടു കേസിൽ പ്രതിയായത്. 25 വയസ്സുള്ളപ്പോഴായിരുന്നു സംഭവം. അന്നു മുതൽ ഒളിവിലായിരുന്നു.
അവസാനിക്കുന്നത് അഭ്യൂഹങ്ങൾ
സവാദിനെപ്പറ്റി അന്വേഷണ ഏജൻസികൾക്കു ലഭിച്ച ‘രഹസ്യ വിവരങ്ങൾക്കും’ പ്രചരിച്ച അഭ്യൂഹങ്ങൾക്കും കണക്കില്ല. റോ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളെല്ലാം തിരഞ്ഞിട്ടും പതിമൂന്നര വർഷം സവാദ് ഒളിവിൽ കഴിഞ്ഞു. പ്രഫ. ജോസഫിന്റെ കൈവെട്ടിയശേഷം സവാദ് ആലുവയിൽനിന്നു ബെംഗളൂരുവിലേക്കു കടന്നതായാണ് അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ ആറിലേറെ രാജ്യങ്ങളിലാണു പലഘട്ടങ്ങളിലായി തിരച്ചിൽ നടന്നു. വിവരം നൽകുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച 2 ലക്ഷം രൂപ പാരിതോഷികം എൻഐഎ പിന്നീട് 5 ലക്ഷമായും ഒടുവിൽ 10 ലക്ഷമായും ഉയർത്തി.
