വി.ഡി.സതീശൻ, എം.വി.ഗോവിന്ദൻ (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കോടതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം നേടാൻ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാനാണ് വെല്ലുവിളി. ഈ സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആഹ്ലാദിക്കുകയാണെന്ന് സതീശൻ വിമർശിച്ചു. സർക്കാരിന് ഉപദേശം കൊടുക്കുന്നവർ അവരുടെ ശത്രുക്കളാണെന്നു തെളിയിക്കുന്ന രീതിയിലാണു കാര്യങ്ങൾ നടക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ അടിച്ചമർത്തുക എന്ന സ്റ്റാലിനിസ്റ്റ് നയമാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെ ടുത്തി.

‘‘നിയമവിരുദ്ധമായിട്ടാണ് ഈ സർക്കാർ കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നിട്ടാണ് പാർട്ടി സംസ്ഥാന സെക്രട്ടറി, വ്യാജ സർട്ടിഫിക്കറ്റാണ് രാഹുൽ ഹാജരാക്കിയതെന്ന ആക്ഷേപം ഉന്നയിക്കുന്നത്. സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും ഞങ്ങൾ‌ വെല്ലുവിളിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്നു തെളിയിക്കാൻ സിപിഎമ്മിനെയും സർക്കാരിനെയും ഞങ്ങൾ വെല്ലുവിളിക്കുകയാണ്. രോഗം ബാധിച്ച ഒരാൾ ചികിത്സ തേടുന്നതിനെ വ്യാജ സർട്ടിഫിക്കറ്റാണെന്നു പറയുന്ന വിവരക്കേട്… ഇത് എന്തൊരു വില കുറഞ്ഞ രാഷ്ട്രീയമാണ്? ആർക്കും അസുഖം വരാൻ പാടില്ലേ? പൊലീസ് മർദ്ദനത്തിലാണ് അദ്ദേഹത്തിന്റെ ശിരസിൽ പരുക്കേറ്റത് എന്നാണ് ഞങ്ങൾ വിചാരിച്ചത്. അതിനു ശേഷമാണ് ഈ സംഭവമുണ്ടായത്.

‘‘ഇവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം രാഹുലിനെ ആശുപത്രിയിൽ പോയി കണ്ടതാണ്. ഞാൻ സ്ഥലത്തില്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്കു കൊണ്ടുപോകാൻ എല്ലാം ബുക് ചെയ്ത് വച്ചിരുന്നതാണ്. അതുകൊണ്ട് ജയിലിൽ പോകുമ്പോൾ ഞങ്ങൾക്കു ഭയമുണ്ടായിരുന്നു. അതു ജയിലിൽ പോകാനുള്ള ഭയമല്ല. ഈ ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ സ്റ്റേബിൾ എന്നല്ലാതെ എന്താണ് എഴുതുക? ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നത് എപ്പോഴാണ്? സ്റ്റേബിൾ ആകുമ്പോഴല്ലേ? എന്നിട്ട് ആൾക്ക് വിശ്രമം നിർദ്ദേശിക്കുകയല്ലേ ചെയ്യുന്നത്? ഒരാൾക്കു പ്രശ്നമുണ്ടെന്നു പറ‍ഞ്ഞ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമോ? ഇവർ എന്തൊക്കെയാണ് പറയുന്നത്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോൾ സ്റ്റേബിൾ ആണെന്നു പറഞ്ഞത്രേ.

‘‘ന്യൂറോ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റല്ലേ രാഹുൽ ഹാജരാക്കിയത്? കോടതി നടത്തിയ പരിശോധനയോ? ബിപി നോക്കുന്നതിനുള്ള പരിശോധനയും. ന്യൂറോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആൾക്ക് രോഗമുണ്ടോ എന്നറിയാൻ ബിപി നോക്കിയാൽ മതിയോ? ബിപി നോക്കിയപ്പോൾ അത് 160 ആയിരുന്നു. ഇക്കാര്യം എഴുതാനായി ഡോക്ടർ പോയപ്പോൾ ജനറൽ ആശുപത്രിയിലെ ആർഎംഒയെ സ്വാധീനിച്ച് കുറേക്കൂടി കഴിഞ്ഞിട്ട് എടുത്താൽ മതിയെന്ന് പറഞ്ഞു. അതോടെ ബിപി 150 ആയി. അങ്ങനെ നോർമൽ ആണ് എന്ന് ആർഎംഒ എഴുതി. ഇവരെല്ലാം ഇതിനു കൂട്ടുനിൽക്കുകയാണ്.

‘‘യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം. ഇതിനിടെ കന്റോൺമെന്റ് എസ്എച്ച്ഒയെ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ വേറെ. ആർഎംഒയെ വരെ സ്വാധീനിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. അതാണ് വ്യാജ സർട്ടിഫിക്കറ്റ്. അല്ലാതെ രാഹുൽ ഹാജരാക്കിയതല്ല.’’ – സതീശൻ പറഞ്ഞു.

സമരവും പ്രക്ഷോഭവും നടത്തിയാൽ അറസ്റ്റിലായി ജയിലിൽ കിടക്കേണ്ടി വരുമെന്നും അതിനെ നേരിടാൻ നല്ല ആർജവമാണു വേണ്ടതെന്ന് എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്തപ്പോൾ രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു രാഹുൽ ജാമ്യത്തിനു ശ്രമിച്ചത്. കോടതി പരിശോധനയ്ക്ക് അയച്ചപ്പോൾ ഒരു രോഗവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റായതു തന്നെ കൃത്രിമ മാർഗത്തിലൂടെയാണ്. ഈ ഭരണകാലത്ത് എസ്എഫ്ഐ നേതാക്കളെയും പൊലീസ് വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. സമരവും പ്രക്ഷോഭവും എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.