തിരുവനന്തപുരം∙ നിയമസഭാ സമ്മേളനത്തിന്റെ സമയക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്കു കത്തു നൽകി. ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. കെപിസിസിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നതു ചൂണ്ടിക്കാട്ടിയാണു കത്ത് നൽകിയിരിക്കുന്നത്. നേരത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിനാണ് നിശ്ചയിച്ചിരുന്നത്.

ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭ ആരംഭിക്കും. ഫെബ്രുവരി ഒൻപതുമുതൽ 25 വരെ കെപിസിസിയുടെ സമരാഗ്നി എന്ന രാഷ്ട്രീയ ജാഥ സംസ്ഥാനത്തു നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമാണു ജാഥ നയിക്കുന്നത്. ഈ തീയതികളിൽ നിയമസഭാ സമ്മേളനം ഒഴിവാക്കുന്നതിനുള്ള പുനഃക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർക്കും പാർലമെന്ററികാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തുനൽകിയത്. ഫെബ്രുവരി അഞ്ചിലെ ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിലേക്കു മാറ്റണം. 5, 6 തീയതികളിലായി ബജറ്റിന്റെ പൊതുചർച്ചകൾ ക്രമീകരിക്കണം. തുടർന്ന് ഫെബ്രുവരി 9 മുതൽ 25 വരെ നിയമസഭാ സമ്മേളനകാലയളവ് ഒഴിവാക്കിക്കൊണ്ട് യുഡിഎഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബജറ്റ് അവതരണം സംബന്ധിച്ചു മറ്റൊരു വിമർശനം കൂടി പ്രതിപക്ഷത്തിനുണ്ട്. സാധാരണയായി വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. പക്ഷേ, ഇക്കുറി തിങ്കളാഴ്ചാണ് ബജറ്റ് അവതരണം. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുകയാണെങ്കിൽ ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കുകയും ഇപ്പോൾ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 5, 6 തീയതികളിൽ തിങ്കൾ മുതൽ മൂന്നു ദിവസം കൊണ്ട് ബജറ്റിന്റെ പൊതുചർച്ച അവസാനിക്കുകയും ചെയ്യും. ജാഥ നടത്തുന്നതു മുന്നിൽ കണ്ടാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമെന്ന ആരോപണവും പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാനാണു സാധ്യത.