കെ.എല്‍. രാഹുൽ. Photo: SajjadHossain/AFP
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെ കാൽ തൊട്ടു വണങ്ങി ആരാധകർ. എന്നാൽ ഇവരെ തടഞ്ഞ ഇന്ത്യൻ താരം പിന്നീട് ആരാധകർക്കൊപ്പം സെൽഫിയെടുത്ത ശേഷം മടങ്ങി. രു റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴാണ് രാഹുലിനെ ആരാധകർ വളഞ്ഞത്. തുടർന്ന് രണ്ടു പേർ രാഹുലിന്റെ കാല്‍ തൊട്ടു. രാഹുൽ ഇവരോട് അരുത് എന്ന് ആംഗ്യം കാണിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം വിശ്രമത്തിലാണ് കെ.എൽ. രാഹുൽ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുൽ കളിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരെ രാഹുലിനെ ഇറക്കാത്തതിൽ ബിസിസിഐയ്ക്കെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വിമർശനമുന്നയിച്ചിരുന്നു.
മാസങ്ങളായി ട്വന്റി20 കളിച്ചിട്ടില്ലാത്ത രോഹിത് ശർമയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയിട്ടും, രാഹുലിനെ ഒഴിവാക്കിയതാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയയിൽ നടന്ന 2022 ലെ ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായാണ് കോലിയും രോഹിത്തും ട്വന്റി20യിൽ രാജ്യാന്തര മത്സരം കളിക്കാനിറങ്ങുന്നത്. ട്വന്റി20യിൽ ഇന്ത്യയെ നയിച്ചിരുന്ന ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും പരുക്കേറ്റ് ടീമിനു പുറത്താണ്. മലയാളി താരം സഞ്ജു സാംസൺ അഫ്ഗാനിസ്ഥാനെതിരെ കളിച്ചേക്കും.
