മമത ബാനർജി
കൊൽക്കത്ത∙ സിപിഎം ‘ഭീകരരുടെ പാർട്ടി’യെന്ന് തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ ഒരു സർക്കാർ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂൽ കോൺഗ്രസും സിപിഎമ്മും.
‘‘ഭീകര പാർട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വർഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവർ ക്യാമറയ്ക്ക് മുന്നിൽ ഇരുന്നു സംസാരിക്കുന്നു. 34 വർഷം അവർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തത്?. ആളുകൾക്ക് എത്ര അലവൻസ് ലഭിച്ചു?. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ 20,000-ത്തിലധികം ആളുകൾക്ക് സർക്കാർ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങൾക്ക് ഒന്നും കിട്ടിയില്ല’’– മമത പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് തന്റെ പോരാട്ടമെന്നും മമത വ്യക്തമാക്കി.
മമതയുടെ നിലപാട് ആവർത്തിച്ച മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സിപിഎമ്മുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞു. ‘‘തൃണമൂൽ കോൺഗ്രസ് അതിന്റെ തുടക്കം മുതൽ സിപിഎമ്മിനെതിരെ പോരാടിയിട്ടുണ്ട്. സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും ഇപ്പോൾ അതു വ്യക്തമാക്കി’’– നേതാവ് പറഞ്ഞു.
തൃണമൂൽ കോണ്‍ഗ്രസുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സിപിഎം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ മൂന്ന് പാർട്ടികൾക്കും രു പൊതുവേദിയിൽ വരുന്നത് ബുദ്ധിമുട്ടാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു. ഇതിനിടെയാണ് നിലപാടു വ്യക്തമാക്കി മമതയും രംഗത്തുവന്നത്.
അതിനിടെ, ബിജെപിയുമായി തൃണമൂലിന് രഹസ്യ ധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.ഡി.സെലിം ഞായറാഴ്ച ആരോപിച്ചിരുന്നു. അഴിമതിക്കാരായ തൃണമൂൽ കോൺഗ്രസിന് അവരുടെ നേതാക്കളെ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) പരിശോധനയിൽ നിന്ന് രക്ഷിക്കാൻ ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
