സജി ചെറിയാൻ

തിരുവനന്തപുരം∙ മാധ്യമങ്ങൾ പുതിയ നേതാക്കന്മാരെ സൃഷ്ടിക്കുകയാണെന്നു മന്ത്രി സജി ചെറിയാൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവവും തുടർ പ്രതിഷേധങ്ങളെയും പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. വിളഞ്ഞു പഴുക്കട്ടെ, വിളയാതെ പഴുത്താൽ അധിക കാലം നിൽക്കില്ലെന്നും മന്ത്രി പരിഹസിച്ചു.

‘‘എന്തിനാണ് അറസ്റ്റ്, സർക്കാരിനെ എന്തിനാണ് ആക്ഷേപിക്കുന്നത്. ആദ്യമായിട്ടാണോ ഒരു വിദ്യാർഥി യുവജനനേതാവ് ജയിലിൽ പോവുന്നത്?. ഇന്നുള്ള മന്ത്രിസഭയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുന്ന ജയിലിൽ പോവാത്ത ആരാണ് ഉള്ളത്. ആരുടെയെങ്കിലും ഫോട്ടോ ഇതുപോലെ മാധ്യമങ്ങളിൽ കാണിച്ചിട്ടുണ്ടോ. ഇന്ന് എത്രയോ വിദ്യാർഥി നേതാക്കന്മാർ ഈ ഘട്ടത്തിൽ തന്നെ ജയിലിൽ പോയിട്ടുണ്ട്, നിലവിൽ ജയിലിലുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ പുതിയ കുറെ നേതാക്കന്മാരെ സൃഷ്ടിക്കുകയാണ്’’–സജി ചെറിയാൻ പറഞ്ഞു.

‘‘അക്രമം നടത്താൻ നേതൃത്വം കൊടുത്ത, അക്രമത്തിൽ പരസ്യമായ നിലപാട് സ്വീകരിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഏതെങ്കിലും സംഘടനയുടെ സംസ്ഥാന പ്രസിഡന്റോ അഖിലേന്ത്യാ പ്രസിഡന്റോ ആയതുകൊണ്ട് അക്രമം നടത്താൻ മുൻകൈ എടുത്താൽ അറസ്റ്റ് ചെയ്യാതിരിക്കുമോ?. അങ്ങനെ അക്രമം നടത്താൻ മുൻകൈ എടുത്ത ആരാണ് ജയിലിൽ പോവാത്തത്? നിയമം നിയമത്തിന്റെ വഴിക്ക് പോയി. അദ്ദേഹത്തെ വഴിയിൽവച്ച് അറസ്റ്റ് ചെയ്യാത്തത് മാന്യത. രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. നിയമം കയ്യിലെടുക്കാൻ ആർക്കാണ് അവകാശം. ഒരു ദിവസം ജയിലിൽ കിടക്കേണ്ടി വന്നാല്‍ നിയമാനുസൃതം ഞങ്ങൾ പോരാടും എന്നു പറയുന്നതിന് പകരം നിയമം കയ്യിലെടുത്തുകൊണ്ട് അക്രമം നടത്തുന്ന സ്ഥിതിയാണുണ്ടായത്’’–സജി ചെറിയാൻ പറഞ്ഞു.