മാർ റാഫേൽ തട്ടിൽ

കൊച്ചി∙ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ (68) തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് തോമസ് മൗണ്ടിലാണ് സ്ഥാനാരോഹണം. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു.

മാർപാപ്പ അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.

സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. തൃശൂർ രൂപതയുടെ സഹായ മെത്രാനുമായിരുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മേജർ ആർച്ച് ബിഷപ്പാകുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഉജ്ജയിൻ രൂപതയുടെ ബിഷപ്പും പാലാ വിളക്കുമാടം സ്വദേശിയുമായ മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ പേരും ചർച്ചകളിൽ നിറഞ്ഞു. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു മാർ റാഫേൽ തട്ടിലിന്റെ പേര് പ്രഖ്യാപിച്ചത്.

സിനഡ് യോഗത്തിനെത്തിയവര്‍

  • തിരഞ്ഞെടുപ്പ് ഇങ്ങനെ

65 മെത്രാൻമാർ സിനഡിൽ അംഗമാണെങ്കിലും അതിൽ 80 വയസ്സിനു താഴെയുള്ളവർക്കാണ് വോട്ടവകാശം. ഇവർ 53 പേരാണ് ഉണ്ടായിരുന്നത്. സ്വയം സ്ഥാനാർഥി പ്രഖ്യാപനമോ പേരു നിർദേശമോ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പിൽ ഇല്ല. യോഗ്യരെന്നു കരുതുന്നവർക്കു മെത്രാൻമാർ വോട്ടു ചെയ്യും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ വിജയിക്കും എന്നതായിരുന്നു ചട്ടം.

അതല്ലെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വരെ വോട്ടെടുപ്പു തുടരണം. ഇങ്ങനെ 5 വട്ടം വോട്ടെടുപ്പു നടത്തിയിട്ടും ഭൂരിപക്ഷം ഒത്തില്ലെങ്കിൽ ആറാമത്തെയും ഏഴാമത്തെയും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ, ആ വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടുപേർ മാത്രം എട്ടാമത്തെ വോട്ടെടുപ്പിൽ മത്സരിക്കും. അതിൽ കൂടുതൽ വോട്ടുനേടുന്നയാൾ ജയിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾ മേജർ ആർച്ച് ബിഷപ് ആകാൻ 2 ദിവസത്തിനകം സമ്മതം അറിയിക്കണം. അതല്ലെങ്കിൽ തിരഞ്ഞെടുപ്പു റദ്ദാകും.

സിനഡ് തുടങ്ങി 15 ദിവസമായിട്ടും മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാൻ ആവുന്നില്ലെങ്കിൽ പിന്നീട് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അധികാരം മാർപാപ്പയ്ക്കാണ്.

മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിവു വന്നാൽ 2 മാസത്തിനുള്ളിൽ പുതിയ ആളെ തിരഞ്ഞെടുക്കാൻ നടപടി തുടങ്ങണം. മെത്രാൻമാർക്കു മാത്രമല്ല, സിനഡിലെ ബിഷപ്പുമാരുടെ മൂന്നിൽ രണ്ടു പിന്തുണ കിട്ടിയാൽ വൈദികനും മേജർ ആർച്ച് ബിഷപ് ആകാം. രൂപത ഭരണച്ചുമതല ഒഴിഞ്ഞവരെയും പരിഗണിക്കാം. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റ് പേപ്പറുകൾ നശിപ്പിക്കണം. സെക്രട്ടറി തിരഞ്ഞെടുപ്പു നടപടികൾ രേഖപ്പെടുത്തി സിനഡിൽ വായിച്ചു കേൾപ്പിക്കണം. അധ്യക്ഷന്റെയും സഹായികളുടെയും ഒപ്പോടുകൂടി ഇൗ രേഖ സൂക്ഷിക്കണം. വോട്ടെടുപ്പു രഹസ്യമാണ്. രഹസ്യ സ്വഭാവം എല്ലാവരും സൂക്ഷിക്കുകയും വേണം.