ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ

കൊൽക്കത്ത∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ഇടം ലഭിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽനിന്ന് ഇരുവരെയും ഒഴിവാക്കിയത് ആരാധകരെയും ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഇഷാൻ കിഷൻ ക്രിക്കറ്റിൽനിന്ന് അവധിയെടുത്തിരുന്നു. എന്നാൽ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ട്വന്റി20 ടീമിൽ കളിപ്പിക്കാൻ സിലക്ടർമാർക്ക് താൽപര്യമില്ലായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഇവർക്കെതിരായ ശിക്ഷാ നടപടിയായാണ് ടീമിൽനിന്നു മാറ്റി നിർത്തിയതെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മാനസികമായ സമ്മർദങ്ങളുള്ളതിനാൽ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കാൻ താൽപര്യമുണ്ടെന്നായിരുന്നു ഇഷാൻ കിഷൻ ടീം മാനേജ്മെന്റിനെ അറിയിച്ചത്. ബിസിസിഐ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസത്തിനു ശേഷം ദുബായിൽ എം.എസ്. ധോണി നടത്തിയ പാർട്ടിയിൽ ഇഷാൻ കിഷൻ പങ്കെടുത്തത് സിലക്ടർമാർക്കു രസിച്ചിട്ടില്ല. ഇഷാൻ ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്നതിലും സിലക്ടർമാർക്ക് അതൃപ്തിയുണ്ട്.

ക്രിക്കറ്റിൽനിന്ന് അവധിയെടുത്ത ഇഷാൻ, ഒരു ടിവി പരിപാടിയിൽ പങ്കെടുത്തതു ബിസിസിഐയിൽ ചർച്ചയായി. ട്വന്റി20 ലോകകപ്പ് ടീമിൽനിന്നും ഇഷാനെ മാറ്റിനിര്‍ത്തുന്നതിന് സിലക്ടർമാര്‍ ആലോചിക്കുന്നുണ്ടെന്നാണു വിവരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യർ പുറത്തെടുത്ത ബാറ്റിങ് പ്രകടനത്തിൽ ബിസിസിഐ തൃപ്തരല്ല. ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയാലുടൻ, രഞ്ജി ട്രോഫിക്കുള്ള മുംബൈ ‍ടീമിൽ ചേരാൻ സിലക്ടർമാർ ശ്രേയസ് അയ്യരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വിശ്രമം വേണമെന്ന് ശ്രേയസ് അയ്യർ സിലക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് അയ്യരെയും അഫ്ഗാനിസ്ഥാനെതിരായ ടീമിലേക്കു പരിഗണിക്കാതിരുന്നത്. ഞ്ജിയിൽ മുംബൈയ്ക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യർ ഇപ്പോൾ. ആന്ധ്രപ്രദേശിനെതിരായ രഞ്ജി പോരാട്ടത്തിൽ ശ്രേയസ് അയ്യർ മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങും.