പ്രതീകാത്മക ചിത്രം. (Photo – Shutterstock / shutting)
ലക്നൗ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളെ ശ്വാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ഇതേത്തുടർന്ന് ഓക്സിജന്റെ അഭാവം മൂലമാകാം മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ കുടുംബത്തിലെ ഏഴ് പേരെയും ചൊവ്വാഴ്ച വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വീടിന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ദുരന്തം പുറത്തറിഞ്ഞത്.. പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൽക്കരി അടുപ്പ് കത്തിച്ചപ്പോൾ പുറത്തുവന്ന കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് മുതലായ വാതകങ്ങൾ ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. കൽക്കരി അടുപ്പ് കത്തിച്ച് മുറി അടച്ചിട്ടാൽ, മുറിയിലേക്ക് കൂടുതൽ വായു കടക്കില്ല. കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് മുതലായ വാതകങ്ങളുടെ തുടർച്ചയായ പുറംതള്ളൽ മുറിയിലെ ഓക്സിജന്റെ ഒഴുക്ക് കുറയ്ക്കുകയും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും. ഇതു മരണത്തിലേക്കും വഴിവയ്ക്കാം.
