ഇഷാൻ കിഷൻ. Photo: R Satish BABU/AFP

മുംബൈ∙ ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാകുകയാണ്. 2024 ട്വന്റി20 ലോകക പ്പിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ട്വന്റി20 പരമ്പര കൂടിയാണ് ഇത്. ഈ വർഷത്തെ ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തീരുമാനിക്കുക. കഴിഞ്ഞ ലോകകപ്പിനു ശേഷം ട്വന്റി20 കളിച്ചിട്ടില്ലാത്ത ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും ബിസിസിഐ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ തന്നെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചേക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

യുവാക്കൾക്കൊപ്പം അനുഭവ പരിചയം ഉള്ളവരെക്കൂടി ലോകകപ്പില്‍ പരിഗണിക്കണമെന്ന ബിസിസിഐയുടെ ആശയമാണ് കോലിയുടേയും രോഹിത്തിന്റെയും മടങ്ങിവരവിനു വഴി തുറന്നത്. പക്ഷേ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാകുന്ന ഒരാൾ ടീം ഇന്ത്യയിലുണ്ട്. യുവവിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് അത്. വിശ്രമം വേണമെന്ന് ബിസിസിഐയോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് ഇഷാൻ കിഷൻ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്നത്. അഫ്ഗാനെതിരെ കളിക്കാത്തതിനാൽ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കണമെങ്കിൽ ഇഷാന്‍ കിഷന് ഐപിഎല്ലിൽ ഗംഭീര പ്രകടനം ന‍ടത്തേണ്ടിവരും. അഫ്ഗാനെതിരായ ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ.

‘‘വ്യക്തിപരമായ കാരണങ്ങളാൽ’’ ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെയാണ് ഇഷാൻ കിഷൻ അവധിയിൽ പോയത്. എപ്പോഴും ടീമിൽ ഉണ്ടായിട്ടും ആവശ്യത്തിന് ഗെയിം ടൈം തനിക്കു ലഭിക്കാത്തതിൽ ഇഷാൻ അസ്വസ്ഥനാണെന്നാണു ലഭിക്കുന്ന വിവരം. വിശ്രമകാലത്ത് താരം യാത്രകളിലാണെന്നും അവധിക്കാലം ആഘോഷിക്കുകയാണെന്നുമാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നു ഭിക്കുന്ന സൂചന. ഇതോടെയാണ് സിലക്ടർമാർ‌ ഇഷാനെ മറികടന്ന് സഞ്ജുവിനും ജിതേഷ് ശർമയ്ക്കും ട്വന്റി20 ടീമിൽ അവസരമൊരുക്കിയത്.

ഇഷാൻ കിഷനും കെ.എൽ. രാഹുലും

ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്ത് വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിലാണ്. മാസങ്ങളായി താരം ക്രിക്കറ്റ് കളിച്ചിട്ട്. താരത്തിന്റെ തിരിച്ചുവരവും വൈകുമെന്നാണു പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലും ഇഷാന് പ്ലേയിങ് ഇലവനില്‍ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെ ഇറക്കിയുള്ള ബിസിസിഐയുടെ പരീക്ഷണം വിജയിക്കുകയും ചെയ്തു. ഇതോടെ ഇഷാൻ കുറച്ചുനാളത്തേക്കു ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കളിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇഷാനെ മാറ്റിനിർത്തുന്നതിന് കൃത്യമായ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. യുവതാരം മാനസികമായി തളർന്ന നിലയിലാണെന്നു പിന്നീടു റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയ്ക്കൊപ്പം നിരന്തരം പരമ്പരകൾക്കായി സഞ്ചരിച്ച ഇഷാൻ കിഷൻ ക്ഷീണിതനാണ്. കുറച്ചു നാൾ ഇടവേള ആവശ്യമാണെന്ന് ഇഷാൻ കിഷൻ ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ ആവശ്യം ടീം അംഗീകരിക്കുകയും ചെയ്തു.

ഇന്ത്യ ഈ വർഷം കളിച്ച പ്രധാന ടൂർണമെന്റുകളിലെല്ലാം ഇഷാൻ കിഷൻ ടീമിനൊപ്പമുണ്ടായിരുന്നു. ഏകദിന ലോകകപ്പിൽ താരത്തിനു രണ്ടു കളികളിൽ മാത്രമാണ് ഇറങ്ങാൻ സാധിച്ചത്. ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചപ്പോഴായിരുന്നു ഇഷാന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇഷാന് പകരം കെ.എസ്. ഭരതിനെ വിക്കറ്റ് കീപ്പറായി ബിസിസിഐ ഉൾപ്പെടുത്തി. എന്നാല്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും കെ.എൽ. രാഹുലായിരുന്നു വിക്കറ്റ് കീപ്പറായത്. ഭരതിന് ബെഞ്ചിലായിരുന്നു സ്ഥാനം.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 ക്കു ശേഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് കളിക്കാനുള്ളത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ജനുവരി 25ന് ആരംഭിക്കും. ഈ പരമ്പരയിൽ ഇഷാൻ ടീമിലേക്കു മടങ്ങിയെത്തുമോയെന്നു വ്യക്തമല്ല. ലോകകപ്പിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയും ഇതാണ്. മാർച്ചിൽ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷമാണ് ഐപിഎൽ സീസൺ തുടങ്ങുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ ഇഷാൻ കിഷൻ കളിക്കാൻ ഇറങ്ങും.

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഇഷാൻ കിഷന്‍റെ ബാറ്റിങ് (Photo: twitter.com/BCCI)