എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം∙ ഒരു ഭരണാധികാരിയുടെ മനസ്സിൽ പകയും വിദ്വേഷവും പാടില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പ്രേമചന്ദ്രന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടിൽച്ചെന്ന് ഭീകരവാദിയെപ്പോലെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘ഒരു ഭരണാധികാരിയുടെ മനസ്സിൽ പകയും വിദ്വേഷവും പാടില്ല. രാഷ്ട്രീയവും വ്യക്തിഗതവുമായ പകയും വിദ്വേഷവും വച്ചു പുലർത്തുന്നയാൾ നാടുഭരിച്ചാൽ നാടു മുടിയും. അതാണ് കേരളത്തിൽ നടക്കുന്നത്. ജനാധിപത്യത്തിൽ പകയും വിദ്വേഷവും ഭൂഷണമല്ല. രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സർക്കാരിനേയും സ്ഥിരമായി തലനാരിഴ കീറി വിമർശിക്കുന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ്. അതുകൊണ്ട് അദ്ദേഹത്തെ ടാർഗെറ്റ് ചെയ്യുകയാണ്.
‘‘ഇന്നലെ കുണ്ടറയിൽ കെപിസിസി വിചാരണ സദസ്, കഴിഞ്ഞ ദിവസം സ്കൂൾ കലോത്സവ വേദി, അതിനു മുൻപ് തിരുവനന്തപുരം.. ഇവിടെയെല്ലാം അദ്ദേഹം ഉണ്ടായിരുന്നു. ആ ആളേയാണ് തീവ്രവാദിയെ കൊണ്ടുപോകുന്ന പോലെ കൊണ്ടുപോയത്. എങ്ങനെയാണിവർ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്നത്. ഇതല്ലേ ഫാസിസം.
‘‘അധികാര തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ഏകാധിപതിയാണ് സംസ്ഥാനം ഭരിക്കുന്നത്. കൂടെ നിൽക്കുന്നവർ വാഴ്ത്തുകയും അവർക്കു പുതിയ പുതിയ സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്ന രാജാവാണ് എന്ന തരത്തിലാണ് മുഖ്യമന്ത്രി കഴിയുന്നത്. ഇതെല്ലാം കേരളത്തിലെ പൊതു സമൂഹം കാണുന്നുണ്ട്.’’– പ്രേമചന്ദ്രന്‍ പറഞ്ഞു.
