മുഹമ്മദ് ഷമി Photo: FB@M.Shami, പ്രധാനമന്ത്രി നരേന്ദ്ര മോദി Photo: FB@NarendraModi

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പ്രകീർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ‘‘രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ നമ്മൾ പ്രോത്സാഹിപ്പിക്കണം. രാജ്യം പുരോഗതിയിലേക്കു പോകുന്നത് എല്ലാവരുടേയും നല്ലതിനു വേണ്ടിയാണ്. പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാണു ശ്രമിക്കുന്നത്. നമ്മളും അതിനെ പിന്തുണയ്ക്കണം.’’– മുഹമ്മദ് ഷമി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

പരുക്കുമാറി തിരിച്ചെത്തുന്നതിന്റെ ഭാഗമായുള്ള പരിശീലനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും ഷമി ന്യൂഡ‍ൽഹിയിൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഷമി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ‘‘ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധർ എന്റെ ആരോഗ്യ നില പരിശോധിക്കുന്നുണ്ട്. കാലിൽ ചെറിയ ബുദ്ധിമുട്ടുകളുള്ളതൊഴിച്ചാൽ വേറെ പ്രശ്നങ്ങളില്ല. ഞാൻ പരിശീലനം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തിരിച്ചുവരാമെന്നാണു പ്രതീക്ഷിക്കുന്നത്.’’– മുഹമ്മദ് ഷമി പറഞ്ഞു.

പരുക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുഹമ്മദ് ഷമിക്കു നഷ്ടമായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു അർജുന അവാർഡ് നൽകി ഷമിയെ ആദരിച്ചു. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് ഷമിക്ക് പുരസ്കാരം നൽകിയത്. പുരസ്കാരം നേടുകയെന്നതു തന്റെ വലിയ സ്വപ്നമായിരുന്നെന്നും ഷമി മാധ്യമങ്ങളോടു പ്രതികരിച്ചു.