ആരിഫ് മുഹമ്മദ് ഖാൻ
തൊടുപുഴ ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ നിശ്ചയിച്ച പരിപാടിക്കായാണ് ഗവർണർ എത്തിയത്. ജില്ലാ അതിർത്തിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് തടഞ്ഞു. ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു.
ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം നടത്തി.

തൊടുപുഴ വെങ്ങല്ലൂര്‍ ജംക്‌ഷനില്‍ റോഡിന് കുറുകെ എസ്എഫ്ഐ കെട്ടിയ കറുത്ത ബാനര്‍. (Photo: Special Arrangement )
ഗവർണർക്കു നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്നു തന്നെയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെ പരിപാടിയിൽ (ഇടത്), ഗവർണറുടെ വാഹനവ്യൂഹം (മധ്യത്തിൽ), കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ (വലത്)
വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ ഇന്നു രാവിലെ 9.30നാണ് തൊടുപുഴയ്ക്കു പുറപ്പെട്ടത്. ബില്ലിൽ ഒപ്പിടാത്തതിനു കാരണം സർക്കാരിന്റെ നിലപാടാണെന്നു ഗവർണർ ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിക്കെതിരായി തനിക്കു ലഭിച്ച പരാതികൾ സർക്കാരിലേക്ക് അയയ്ക്കുകയും 3 തവണ ആവശ്യപ്പെടുകയും ചെയ്തിട്ടും സർക്കാർ മറുപടി തന്നില്ലെന്നും ഗവർണർ പറഞ്ഞു.
