രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റു ചെയ്തതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ, അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്നും ആരോപിച്ചു. ‘‘’ഞാൻ 20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ബെഡ്റൂമിൽ മുട്ടി എന്റെ അമ്മയുടെ മുമ്പിൽനിന്നും അറസ്റ്റ് ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമാണ്, അത് നടക്കട്ടെ’’– അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയാണ് രാഹുൽ. രാഹുലിനെ ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ശേഷം വഞ്ചിയൂർ കോടതിയിൽ എത്തിച്ചു. ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം യൂത്ത് കോൺഗ്രസുകാർ തടഞ്ഞു.

  • വി.ഡി.സതീശൻ: ‘‘അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പൊലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നത്’’
  • രമേശ് ചെന്നിത്തല: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട കരതയാണ്. പിണറായി വിജയനെതിരെ പ്രതിഷേധിച്ചാൽ പൊലീസ് എന്തും ചെയ്യും. നേതാക്കളെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്യുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്’’.
  • കെ.സി.വേണുഗോപാൽ: ‘‘പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് രാഹുലിനെ വീടുവളഞ്ഞ് അതിരാവിലെ അറസ്റ്റു ചെയ്തത്. പൊലീസ് ഏമാന്മാരോട് ഒരു കാര്യം പറയാനുള്ളത്, കേരളം ഒരുപാട് പൊലീസ് നരനായാട്ട് കണ്ടതാണ്, എല്ലാ സീമകളും ലംഘിച്ചാണ് ഈ പോക്ക്. ന്യായമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയെന്ന ശൈലി ഫാഷിസ്റ്റ് ശൈലിയാണ്. ഇതു അപകടകരമായ പോക്കാണ്’’.
  • പി.കെ.കുഞ്ഞാലിക്കുട്ടി: ‘‘പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ശരിയല്ല. ഏതാണ്ട് വല്യ ക്രിമിനൽ പുള്ളിയെപ്പോലെ രാഹുലിനെ കൈകാര്യം ചെയ്തത്. പ്രതിഷേധാർഹമായ നടപടിയാണ്’’.
  • ഷാഫി പറമ്പിൽ: ‘‘വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ല. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധമുണ്ടാകും. അറസ്റ്റ് അനിവാര്യമെങ്കിലും അതു വരിക്കാൻ തയാറായിരുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിൽ അതു ചെയ്യുമായിരുന്നു. യൂത്ത് കോൺഗ്രസ് സമരങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇത്’’.
  • പി.ജെ.ജോസഫ്: ‘‘യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഭീകരവാദിയെപ്പോലെ അറസ്‌റ്റു ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്’’.