അയോധ്യയിലെ രാമക്ഷേത്ര മാതൃക (ഫയൽ ചിത്രം)

ഹൈദരാബാദ് ∙ ശ്രീരാമന് സ്വർണപാദുകം സമർപ്പിക്കാനായി ചല്ല ശ്രീനിവാസ് ശാസ്ത്രി (64) രാമേശ്വരത്തുനിന്ന് അയോധ്യയിലേക്കു നടത്തുന്ന കാൽനടയാത്ര ഉത്തർപ്രദേശിലെ ചിത്രകൂടിലെത്തി. കർസേവകൻ ആയിരുന്ന പിതാവിന്റെ അഭിലാഷം പൂർത്തീകരിക്കാൻ കൂടിയാണു സ്വർണപാദുകം തലയിലേറ്റി മറ്റു 5 പേർക്കൊപ്പം ശ്രീനിവാസിന്റെ യാത്ര. വനവാസകാലത്ത് ശ്രീരാമൻ സഞ്ചരിച്ച അയോധ്യ– രാമേശ്വരം പാതയിലൂടെ സഞ്ചരിക്കുകയാണു ശ്രീനിവാസ്.

 മുൻ ആദായനികുതി ഉദ്യോഗസ്ഥൻ കൂടിയായ ഡോ. രാമാവതാർ 15 വർഷം പഠനം നടത്തിയാണു ശ്രീരാമൻ സഞ്ചരിച്ച പാത കണ്ടെത്തിയതെന്നു ശ്രീനിവാസ് പറഞ്ഞു. ജൂലൈ 20നു തുടങ്ങിയ കാൽനടയാത്ര ഒഡീഷയിലെ പുരി, മഹാരാഷ്ട്രയിലെ ത്രിംബക്, ഗുജറാത്തിലെ ദ്വാരക എന്നീ പ്രധാന സ്ഥലങ്ങളിലൂടെ 8000 കിലോമീറ്റർ പിന്നിട്ടു. പഞ്ചലോഹത്തിൽ 65 ലക്ഷം രൂപ മുടക്കിയാണു പാദുകങ്ങൾ നിർമിച്ചത്. സിനിമകളിൽ സൗണ്ട് എൻജിനീയറായ ശ്രീനിവാസ് ശിഷ്ടകാലം അയോധ്യയിൽ താമസിക്കാനാണ് ആലോചിക്കുന്നത്.

അയോധ്യയിലേക്ക് സീതാക്ഷേത്രം വക 1100 സമ്മാനപ്പൊതികൾ

നേപ്പാളിലെ ജനക്പുർ സീതാക്ഷേത്രത്തിൽനിന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ സമർപ്പിക്കാൻ 1100 സമ്മാനപ്പൊതികളുമായി തീർഥാടക സംഘം യാത്ര തിരിച്ചു. സ്വർണ അമ്പുകളും വില്ലുകളും ആടയാഭരണങ്ങളും മധുരപലഹാരങ്ങളും അടങ്ങിയതാണു സമ്മാനപ്പൊതികൾ. 100 വാഹനങ്ങളിലായാണു തീർഥാടക സംഘം അയോധ്യയിലേക്കു തിരിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ ജനക്പുർ സീതാക്ഷേത്ര പ്രതിനിധികളും പങ്കെടുക്കും.

സീതാദേവിയുടെ പിതാവ് ജനക മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്തതെന്നു വിശ്വസിക്കപ്പെടുന്ന ജനക്പുർ നേപ്പാളിലാണ്. ജനക മഹാരാജാവ് ശ്രീരാമനും സീതയ്ക്കുമായി കൊടുത്തയയ്ക്കുന്നതെന്ന സങ്കൽപത്തിലാണ് സമ്മാനപ്പൊതികൾ. സീതാദേവിക്ക് അഭയം നൽകിയ വാല്മീകി ആശ്രമം നേപ്പാൾ അതിർത്തിക്കുള്ളിലെ ചമ്പാരൻ വനമേഖലയിലാണെന്നാണു വിശ്വാസം.