മുംബൈ∙  ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും എ ഗ്രൂപ്പില്‍ കളിക്കുമെന്നു വിവരം. 2024 ജൂണിൽ യുഎസിലും വെസ്റ്റിൻഡീസിലും നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ യുഎസും ഇന്ത്യയ്ക്കൊപ്പം ഒരു ഗ്രൂപ്പിലായിരിക്കുമെന്നാണ് ഐസിസി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. അയർലൻഡ്, കാന‍ഡ ടീമുകളാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒന്‍പതിന് ന്യൂയോർക്കിലായിരിക്കും ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. വെള്ളിയാഴ്ച രാത്രി ലോകകപ്പ് മത്സരക്രമങ്ങൾ ഔദ്യോഗികമായി പുറത്തിവിടും.

 ജൂൺ 12ന് ഇന്ത്യ– യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്ക്കെതിരായ പോരാട്ടം ഫ്ലോറിഡയിലും നടക്കും. കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ ഒരുമിച്ചു വരും. നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. സി ഗ്രൂപ്പിൽ വെസ്റ്റിൻ‍ഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകളും കളിക്കും.
നാലു ഗ്രൂപ്പുകളിൽനിന്നും മികച്ച രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ട് റൗണ്ടിൽ കടക്കുക. യുഎസും വെസ്റ്റിൻഡീസും സംയുക്തമായാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സൂപ്പർ എട്ടിലെ ഇന്ത്യയുടെ കളികൾ ബാർബഡോസിലായിരിക്കും. ലോകകപ്പ് ഫൈനലും ബാർബഡോസിൽ നടക്കാനാണു സാധ്യത. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഐപിഎല്ലിനിടെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുമെന്നു വിവരം.