കെ. മുരളീധരൻ

കോഴിക്കോട്∙ മോദി ഗാരന്റി കേരളത്തില്‍ ചെലവാകില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. എത്ര നടന്മാരെയോ ക്രിക്കറ്റ് താരങ്ങളെയോ ബിസിനസുകാരെയോ അണിനിരത്തിയാലും കേരളത്തിൽ ബിജെപി പച്ചതൊടില്ല. നരേന്ദ്ര മോദിയെ സംബന്ധിച്ച് കേരളത്തിൽ ചെലവിടുന്ന സമയം നഷ്ടമാണ്. എത്ര പ്രചാരണം നടത്തിയാലും ഒരു എംപിയെ പോലും കിട്ടില്ല.

 പ്രധാനമന്ത്രിയുടെ പരിപാടിയിൽ പലരും പങ്കെടുത്തു. പിണറായിയുടെ പരിപാടിയിലും ഇങ്ങനെ പങ്കെടുക്കുന്നവരുണ്ട്. അധികാരം കിട്ടിയാൽ കോൺഗ്രസിന്റെ പരിപാടിയിലും പങ്കെടുക്കും. അതൊന്നും വോട്ടായി മാറില്ല. തൃശൂര്‍ എടുത്ത് കൊണ്ടുപോയാല്‍ നമ്മളെങ്ങനെ തൃശൂരില്‍ പോകുമെന്ന് അദ്ദേഹം ചോദിച്ചു. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.

 ഇടയ്ക്കിടയ്ക്ക് പിണറായി വിജയനെ നരേന്ദ്ര മോദി സ്വർണവും വെള്ളിയും ഓർമിപ്പിക്കാറുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണു കേരളത്തിൽ സ്വർണ കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തിൽ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് മുരളീധരന്റെ പരിഹാസം.

 ‘ഒരു അന്തർധാരയാണ്. അതായത് വല്ലാതെ കളിക്കേണ്ട, സ്വർണ കയ്യിലുണ്ടെന്നാണ് മോദി പറയുന്നത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെന്ന് പോലും പിണറായി തികച്ചു പറയാത്തത്. കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ സ്വർണം എന്നു പറയും. അപ്പോൾ എല്ലാ പരാതിയും ഞങ്ങളുടെ നേരെയാകും. മോദി തരാത്തതല്ല, കേരളത്തിലെ എംപിമാർ ചോദിക്കുന്നില്ലെന്നാണ് പറയുന്നത്. ഞങ്ങൾ ചോദിക്കാതിരുന്നിട്ടല്ല. ചോദിക്കുമ്പോ പറയും ഇവിടെ ചോദിക്കാൻ. ഇവിടെ ചോദിക്കുമ്പോ പറയും അവിടെ ചോദിക്കാൻ. അതാണ് അവസ്ഥ.’’– മുരളീധരൻ പറഞ്ഞു.