ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ കക്ഷികൾക്കു വ്യത്യസ്ത അഭിപ്രായം ഉണ്ടായത് കോണ്‍ഗ്രസിന് തലവേദനയായിരിക്കെയാണ് പാർട്ടിക്കുള്ളിൽനിന്നു തന്നെ വിയോജിപ്പ് ഉയർന്നത്. ജനുവരി 22നു നടക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

ഇതിൽ അധീർ രഞ്ജൻ ചൗധരിക്കു ചടങ്ങിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ്, ബിജെപിയുടെ കെണിയിൽ വീഴാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നു ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ചടങ്ങിൽ പങ്കെടുക്കണോ എന്നതിൽ കോൺഗ്രസിനു വ്യക്തമായ അഭിപ്രായമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കിയില്ല.

പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ പ്രഖ്യാപിച്ചു. സമാജ്‍വാദി പാർട്ടി പങ്കെടുക്കുമെന്നു വ്യക്തമാക്കി. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും , അവരുടെ പരിപാടികൾ കഴിഞ്ഞു രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്നുമാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞത്. ഉദ്ധവ് താക്കറെയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് എടുക്കുന്ന ഏതു നിലപാടും തീരുമാനവും തങ്ങൾക്ക് രാഷ്ട്രീയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കോൺഗ്രസിലെ തന്നെ നേതാക്കൾ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് ശശി തരൂർ എംപി ചൂണ്ടിക്കാട്ടി. വ്യക്തികൾക്കാണ് ക്ഷണമെന്നും തീരുമാനവും വ്യക്തിപരമായി വേണമെന്നും നി‍ർദേശിച്ച തരൂർ, രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നത് ആരെയും ഹൈന്ദവ വിരുദ്ധരാക്കുന്നില്ലെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രവർത്തക സമിതി അംഗവുമായ ദ്വിഗ്‍വിജയ് സിങ് പങ്കുവച്ചത്.