ഇന്ത്യൻ ബാറ്റർ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം
- രണ്ടാം ഇന്നിങ്സിൽ 34.1 ഓവറിൽ ഇന്ത്യ 131ന് ഓൾഔട്ട്
സെഞ്ചൂറിയൻ ∙ വിരാട് കോലിയുടെ ക്ഷമയ്ക്കു നന്ദി; ഇന്ത്യൻ തോൽവി ഇത്രത്തോളം വൈകിപ്പിച്ചതിന്. തലപ്പൊക്കം പന്ത് കുത്തിയുയർന്ന സെഞ്ചൂറിയനിലെ പിച്ചിൽ കാറ്റത്തെ പഴുത്തിലപോലെ വിക്കറ്റുകൾ പൊഴിഞ്ഞപ്പോൾ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യയുടെ കഥ കഴിഞ്ഞു.ഇന്ത്യൻ തോൽവി ഇന്നിങ്സിനും 32 റൺസിനും.
ഒരുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടക്കുരുതിക്കിടെ മറുവശത്ത് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു വിരാട് കോലി (76). 34.1 ഓവർ മാത്രം ദൈർഘ്യമുണ്ടായിരുന്ന ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ അവസാനം പുറത്തായതും കോലിയാണ്. സ്കോർ: ഇന്ത്യ 245, 131. ദക്ഷിണാഫ്രിക്ക 408.
വിരമിക്കൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്വല സെഞ്ചറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 2 ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ജനുവരി 3ന് കേപ്ടൗണിൽ ആരംഭിക്കും.
കോലിയും ശുഭ്മൻ ഗില്ലും (26) ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്ററുടെയും സ്കോർ ഇന്നലെ രണ്ടക്കം കടന്നില്ല. 9 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയത് ദക്ഷിണാഫ്രിക്കൻ പേസർമാരാണ്. മാർകോ യാൻസൻ (3 വിക്കറ്റ്), നാൻഡ്രെ ബർഗർ (4 വിക്കറ്റ്), കഗീസോ റബാദ (2 വിക്കറ്റ്) എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. ഒപ്പം ഒരു റണ്ണൗട്ടും.
5ന് 256 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 408 റൺസിലാണ് പുറത്തായത്. ഡീൻ എൽഗറും (185) മാർകോ യാൻസനും (84 നോട്ടൗട്ട്) ചേർന്ന കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിച്ചു. 163 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്.
അടുത്ത കളിയിൽ കാണാം
ആദ്യ ഇന്നിങ്സിൽ തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലായി. പക്ഷേ, ഞങ്ങളുടെ ബോളർ മാരിൽ അധികം പേരും ഇവിടെ പരിചയസമ്പത്തില്ലാത്തവരാണ്. അവർ കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. പക്ഷേ അവരെ കുറ്റപ്പെടുത്താൻ ഞാനൊരു ക്കമല്ല. അടുത്ത മത്സരത്തിൽ ശക്തരായി ഞങ്ങൾ തിരിച്ചു വരും; കൂടുതൽ വിജയദാഹത്തോടെ… – രോഹിത് ശർമ (മത്സരശേഷം പറഞ്ഞത്)
ഇന്ത്യൻ വീഴ്ച ഇങ്ങനെ
1–5 : ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ രോഹിത് ശർമയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ച കഗീസോ റബാദയുടെ ഫുൾലെങ്ത് ഡെലിവറി വരാനിരിക്കുന്ന ആപത്തുകളുടെ സൂചന കൂടിയായിരുന്നു. ഇരുവരും ഏറ്റുമുട്ടിയ 11 ഇന്നിങ്സുകളിൽ ഏഴാം തവണയും രോഹിത്തിന്റെ വിക്കറ്റ് റബാദയ്ക്ക്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും രണ്ടക്കം കാണാതെ ഇന്ത്യൻ ക്യാപ്റ്റന്റെ മടക്കം.
2–13 : പിറന്നാൾ ദിനത്തിൽ ഉജ്വല ഇന്നിങ്സ് മോഹിച്ചിറങ്ങിയ യശസ്വി ജയ്സ്വാൾ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നാൻഡ്രെ ബർഗറുടെ ഇരയായി. ലെങ്ത് ബോളിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്ന ബൗൺസർ. ഒഴിഞ്ഞുമാറാനുളള അവസാന നിമിഷ ശ്രമത്തിനിടെ ജയ്സ്വാളിന്റെ ഗ്ലൗവിലുരുമ്മിയ പന്ത് വിക്കറ്റ് കീപ്പർ കൈൽ വെരേന്നയുടെ കയ്യിൽ.
3–52 : 37 പന്തുകൾ നേരിട്ട ശുഭ്മൻ ഗില്ലിന്റെ പ്രതിരോധം തകർത്താണ് മാർകോ യാൻസൻ വേട്ട തുടങ്ങിയത്. എറൗണ്ട് ദ് വിക്കറ്റിൽ നിന്നുള്ള യോർക്കർ ഗില്ലിന്റെ ബാറ്റിനു പിടികൊടുക്കാതെ മിഡിൽ സ്റ്റംപ് തെറിപ്പിച്ചു. 6 ഫോറുകൾ നേടിയ ഗിൽ ക്രീസിൽ നിലയുറപ്പിച്ചെന്നു കരുതിയപ്പോഴായിരുന്നു ഇന്ത്യയെ ഞെട്ടിച്ച അപ്രതീക്ഷിത പുറത്താകൽ.
4–72 : മാർകോ യാൻസന്റെ പന്തിൽ ക്യാച്ചിൽ നിന്നു രക്ഷപെട്ടാണ് ശ്രേയസ് അയ്യർ തുടങ്ങിയത്. എന്നാൽ അവസാന സെഷനിലെ രണ്ടാം ഓവറിൽ യാൻസന് തന്നെ വിക്കറ്റ് കൊടുത്തു മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുകൂടി പോയ ഫുൾലെങ്ത് ഡെലിവറി ഫ്രണ്ട് ഫൂട്ടിൽ ഫ്ലിക് ചെയ്യാൻ ശ്രമിച്ച ശ്രേയസ് അയ്യരുടെ ടൈമിങ് പിഴച്ചു. ബാറ്റിലും പാഡിലും തട്ടിയ പന്ത് വിക്കറ്റ് തെറിപ്പിച്ചു.
5–96 : കെ.എൽ.രാഹുലിന്റെ നിർണായക വിക്കറ്റു പിഴുത് ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചത് നാൻഡ്രെ ബർഗറാണ്. വിക്കറ്റു നഷ്ടമില്ലാത്ത 7 ഓവറുകൾക്കുശേഷം ഇന്ത്യയ്ക്കു വലിയ നിരാശ. വ്യത്യസ്ത പന്തുകളിലൂടെ രാഹുലിനെ തുടരെ പരീക്ഷിച്ച ബർഗർ അഞ്ചാം പന്തിൽ ലക്ഷ്യം കണ്ടു. റിവേഴ്സ് സ്വിങ്ങിൽ രാഹുലിന്റെ ബാറ്റിന്റെ ഔട്ട് സൈഡ് എഡ്ജിൽ കുരുങ്ങിയ പന്ത് സെക്കൻഡ് സ്ലിപ്പിൽ എയ്ഡൻ മാർക്രത്തിന്റെ കയ്യിൽ.
6–96 : രവിചന്ദ്രൻ അശ്വിൻ വന്നതും പോയതും അധികമാരും അറിഞ്ഞില്ല. ഇന്ത്യൻ ഇന്നിങ്സിലെ ഏക ഗോൾഡൻ ഡക്ക്. നേരിട്ട ആദ്യ പന്തിൽ ഓഫ് സൈഡിൽ ബാക് ഫൂട്ട് പഞ്ചിനു ശ്രമിച്ച അശ്വിന് പിഴച്ചു. ദിശ തെറ്റിയെത്തിയ പന്ത് ഗള്ളിയിൽ ബെഡിങ്ങാം പിടിച്ചു.
7–105 : കഗീസോ റബാദയുടെ രണ്ടാം ഇരയായിരുന്നു ഷാർദൂൽ ഠാക്കൂർ. അശ്വിന്റേതിനു സമാനമായി ഗള്ളിയിൽ ക്യാച്ച് നൽകി പുറത്താകൽ. നേരിട്ടത് വെറും 8 പന്തുകൾ.
8–113 : റണ്ണൗട്ടിലൂടെയായിരുന്നു ബുമ്രയുടെ പുറത്താകൽ. വിക്കറ്റ് വീഴ്ച ഒഴിവാക്കാൻ സ്ട്രൈക്ക് നിലനിർത്താൻ ശ്രമിച്ച കോലി എക്സ്ട്രാ കവറിലേക്കു പായിച്ച ഷോട്ടിൽ ഡബിളിന് ശ്രമിച്ചു. പക്ഷേ ഓട്ടത്തിൽ വേഗക്കുറവുള്ള ബുമ്ര തിരിച്ചെത്തും മുൻപേ എൽഗറിന്റെ ത്രോയിൽ റബാദ വിക്കറ്റ് തെറിപ്പിച്ചു.
9–121 : നാൻഡ്രെ ബർഗർ എറിഞ്ഞ 32–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് കീപ്പർ ക്യാച്ചിനായുള്ള അപ്പീൽ അംപയർ അംഗീകരിച്ചില്ല. ഡിആർഎസിലൂടെ ദക്ഷിണാഫ്രിക്ക അതു നേടിയെടുത്തു. ഷോർട് ഡെലിവറി സിറാജിന്റെ ഗ്ലൗവിൽ ഉരുമ്മിയെന്നു റിവ്യൂവിൽ വ്യക്തമായി.
10–131 : ഒരു വിക്കറ്റു മാത്രം ശേഷിക്കെ, തോൽവിയുടെ കനം കുറയ്ക്കാനായിരുന്നു കോലിയുടെ ശ്രമം. 34–ാം ഓവറിൽ ബർഗറിനെതിരെ 2 ബൗണ്ടറി നേടിയ കോലി അടുത്ത ഓവറിൽ ബർഗറിനെതിരെ 2 ബൗണ്ടറി നേടിയ കോലി അടുത്ത ഓവറിൽ മാർകോ യാൻസനെ ആദ്യ പന്തിൽതന്നെ ആക്രമിച്ചു. പക്ഷേ ഉയർന്നു പൊങ്ങിയ പന്ത് ലോങ് ഓണിൽ റബാദ ക്യാച്ചെടുത്തു.
