ബാല, അഭിരാമി സുരേഷ്, അമൃത സുരേഷ്
മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ബാല. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ അച്ഛനെ കാണിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരിക്കെയാണ് മകളെ തന്നിൽനിന്ന് അമൃതയും കുടുംബവും മറച്ചു പിടിക്കുന്നതെന്നു ബാല പറയുന്നു. മകളോട് അച്ഛന്റെ പേരു ചോദിച്ചാൽ ആശയക്കുഴപ്പം ഉണ്ടാകുന്ന തരത്തിലാണ് അവളെ ബ്രയിൻ വാഷ് ചെയ്തിരിക്കുന്നത്. ബാലയുടെ അനുജത്തി അഭിരാമി സുരേഷ് പറയുന്നത് അവരുടെ മകളുമായി അവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നാണ്, എന്നാൽ സ്വന്തം മകൾ എന്നു പറയണമെങ്കിൽ വിവാഹം കഴിച്ച് മകൾ ഉണ്ടായിട്ട് വേണമെന്നും തന്റെ മകളുടെ അവകാശം അമൃതയ്ക്കും തനിക്കും മാത്രമാണെന്നും ബാല പറയുന്നു.
ഓണത്തിനും ക്രിസ്മസിനും മാത്രമല്ല പിറന്നാളിനു പോലും മകൾ വിളിച്ച് ഒരു ആശംസ പറയാത്തതിൽ അതിയായ ദുഃഖമുണ്ടെന്നും മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു. ഒരച്ഛന് എതിരെ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് അമൃത കേസ് കൊടുത്തത്. മഹാറാണിപോലെ താൻ വളർത്താൻ ആഗ്രഹിച്ച മകളെ മാടിനെപ്പോലെ അന്തസ്സോ തറവാടിത്തമോ ഇല്ലാതെ ആണ് വളർത്തിയിരിക്കുന്നതെന്നും മകളെ കാണാൻ ചെന്നിട്ട് സ്കൂൾ അധികൃതർ പോലും പേടിച്ചു ദൂരെ നിർത്തിയാണ് മകളെ കാണിച്ചതെന്നും ബാല പറയുന്നു.
‘‘മകൾക്ക് കൊറോണയാണെന്നു പറഞ്ഞ് ഒരുദിവസം അമൃത വിളിച്ചു. എന്നാൽ ഏത് ആശുപത്രിയിലാണ്, എന്താണ് അവസ്ഥ എന്നൊന്നും പറയുന്നില്ല. ഞാൻ തുടരെത്തുടരെ ഒരു ഭിക്ഷക്കാരനെപ്പോലെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് എന്നെ തിരിച്ചു വിളിക്കുന്നത്. ഒടുവിൽ ദേഷ്യപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ മാത്രം റെക്കോർഡ് ചെയ്ത് അവർ ആ ഫോൺ സംഭാഷണം പുറത്തുവിട്ടു. ഏതു മനുഷ്യനും ലിമിറ്റ് വിട്ടു പോകുന്ന ഒരു നിമിഷമുണ്ട്. എന്തിനാണ് ഇവർ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്.
വിഷുവിനും ന്യൂ ഇയറിനും ക്രിസ്മസിനും ഒക്കെ ഞാൻ തനിച്ചാണ്. മകളെ എന്നെ കാണിക്കുന്നില്ല. ഞാൻ അവളുടെ അച്ഛനാണ്. എന്റെ മകളെ സ്നേഹിക്കാനും കാണാനും എനിക്ക് അവകാശമുണ്ട്. കോടതിക്ക് ഒരു വിലയുമില്ലേ? അവർ എല്ലാവരും മണ്ടന്മാരാണോ? എല്ലാ മാസവും രണ്ടാം ശനിയാഴ്ച മകളെ എന്നെക്കൊണ്ടുവന്നു കാണിച്ചിരിക്കണം, എല്ലാ വർഷവും ക്രിസ്മസ്, ഓണം, വിഷു, ദീപാവലി ന്യൂ ഇയർ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മകൾ എന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എനിക്കു മാത്രം എന്താണ് എന്റെ മകളെ കാണാൻ അവകാശം ഇല്ലാത്തത്? അതിനുമാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ?
ഓരോ തവണയും ഞാൻ അവരെ വിളിച്ച് ഭിക്ഷ യാചിക്കുന്നത് പോലെയാണ് ചോദിക്കുന്നത്. എന്റെ പിറന്നാൾ ദിവസം പാപ്പു വിളിച്ച് ‘‘ഹാപ്പി ബർത്ത്ഡേ അപ്പാ’’ എന്ന് പറഞ്ഞാൽ എനിക്കെന്തു സന്തോഷമാകും. അതിൽ അവർക്ക് എന്താണു നഷ്ടപ്പെടാൻ ഉള്ളത്. എന്റെ മകളെ എന്നെ കാണിക്കാതെ വച്ചിരിക്കുകയാണ്. ഞാൻ ആറുവർഷം കോടതി കയറിയിറങ്ങി ആണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്നേഹം മനസ്സിലാക്കി അവൾ എന്റടുത്തേക്ക് വരും എന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർഥ അച്ഛൻ. അവൾ ഇനിയും എത്ര പേര് പറയും? മകൾക്ക് ആശയക്കുഴപ്പമാണ്. ഈ വേദനയൊന്നും ആർക്കും മനസ്സിലാകില്ല. എനിക്കെതിരെ പോക്സോ കേസ് കൊടുത്തു. പക്ഷേ കോടതി ആ കേസ് എടുത്തില്ല.
1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. ഇതെല്ലാം അനുഭവിച്ച മനുഷ്യനാണ് ഞാൻ. ഇതൊന്നും ഞാൻ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്. കേസ് എല്ലാം തീർത്ത്, കൊടുക്കാനുള്ള പണവും കൊടുത്തു. എന്നിട്ടും മകളെ കാണിച്ചു തരുന്നില്ല. അവളെ കാണാൻ സ്കൂളിൽ പോയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു, ‘‘എനിക്ക് പേടിയാണ് സർ, താങ്കൾ മകളെ കാണാൻ വന്നു എന്നറിഞ്ഞാൽ വലിയ പ്രശ്നം ആകും’’. എന്റെ മകളെ ദൂരെ വച്ച് കാണിച്ചു തന്നു. അടുത്ത് ചെന്ന് കാണാൻ സമ്മതിച്ചില്ല. ‘എന്റെ ജോലി പോകും സർ’ എന്നാണു അവർ പറഞ്ഞത്.
ഒരച്ഛൻ മകളെ കാണുന്നത് ഇത്ര വലിയ കുറ്റം ആണോ? എന്റെ മകളുടെ അച്ഛൻ ഞാൻ തന്നെയാണ്. അഭിരാമി സുരേഷിനെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവർ പറയുന്നത് ഞങ്ങളുടെ കുട്ടിയേയും കൊണ്ട് ഞങ്ങൾ ജീവിച്ചുപോട്ടെ, ശല്യം ചെയ്യരുത് എന്നൊക്കെയാണ്. അവർ ജീവിച്ചുപോട്ടെ, പക്ഷേ ഞങ്ങളുടെ കുട്ടി എന്ന് പറയരുത്, എന്റെ കുട്ടി ആണത്. അല്ലാതെ അവരുടെ അല്ല. എനിക്കും അമൃതയ്ക്കും ഉള്ള കുട്ടി. അല്ലാതെ അവരുടെ കുടുംബത്തിലെ കുട്ടി അല്ല. അവരുടെ കുട്ടി എന്ന് പറയണമെങ്കിൽ അവർ വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടാകണം. എന്റെ മകളെ എടുത്തുകൊണ്ടുപോയി വീട്ടിൽ അടച്ചു വച്ചിട്ട് ഞങ്ങളുടെ കുട്ടി എന്ന് പറയരുത്. മക്കളുടെ അവകാശം അവളുടെ അമ്മയ്ക്കും അച്ഛനുമാണ്. ഇതുവരേയും ഇതൊന്നും തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ മറ്റുള്ളവർ എന്നെക്കൊണ്ട് പറയിക്കുകയാണ്.
ക്രിസ്മസ് ആയിട്ട് എന്റെ മകൾ എവിടെ, ന്യൂ ഇയർ ആയിട്ട് എന്റെ മകൾ എവിടെ എന്നുമാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. എന്റെ മകളെ മഹാറാണിയെപ്പോലെ, മാലാഖയെപ്പോലെ വളർത്താൻ ആഗ്രഹിച്ചെങ്കിലും എരുമ മാട് പോലെയാണ് വളർത്തി വച്ചിരിക്കുന്നത്. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും വില നഷ്ടപ്പെടുത്തി. സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളർത്തിയിരിക്കുന്നത്.’’–ബാല പറയുന്നു.
