മഹേന്ദ്ര സിങ് ധോണി
മുംബൈ∙ വർഷങ്ങൾക്കു ശേഷം മുടി നീട്ടി വളർത്താൻ തീരുമാനിച്ചതിനെക്കുറിച്ചു പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ എം.എസ്. ധോണി. ആരാധകർക്ക് ഈ ഹെയർ സ്റ്റൈലാണ് ഇഷ്ടമെന്നാണു ധോണിയുടെ മറുപടി. ‘‘ഈ ഹെയർ സ്റ്റൈൽ നിലനിർത്തുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ നേരത്തേ 20 മിനിറ്റിനുള്ളിൽ തയ്യാറാകുമായിരുന്നു. പക്ഷേ ഇപ്പോൾ ഇതിനു വേണ്ടി ഒരു മണിക്കൂർ പത്ത് മിനിറ്റ് ഒക്കെയാണ് വേണ്ടിവരുന്നത്.’’– ഒരു സ്വകാര്യ പരിപാടിയിൽ ധോണി പറഞ്ഞു.
‘‘ആരാധകർക്ക് ഇഷ്ടമായതുകൊണ്ടാണു ഞാൻ ഇതു ചെയ്യുന്നത്. എന്നാൽ മതിയെന്നു തോന്നുമ്പോൾ മുടി വെട്ടിക്കളയാൻ തയാറാണ്.’’– എം.എസ്. ധോണി വ്യക്തമാക്കി. ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ആലിം ഹക്കീമാണ് ഈ വർഷം ആദ്യം ധോണിക്കായി പുതിയ ഹെയർ സ്റ്റൈൽ കൊണ്ടുവന്നത്. 2024 ഐപിഎല്ലിലും ധോണി ഇതേ ലുക്കിൽ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി തുടങ്ങിയ കാലത്ത് നീളൻ മുടിയുമായാണ് ധോണി ആരാധകരെ കയ്യിലെടുത്തത്. 2007ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷമാണു താരം മുടി വെട്ടിയൊതുക്കിയത്. 2011 ലോകകപ്പിനു ശേഷം മുടി പറ്റെവെട്ടിയും ധോണി ആരാധകരെ ഞെട്ടിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ധോണി 2024 ഐപിഎല്ലിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസണില്‍ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്.
