ബെംഗളൂരു∙ കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ 60 ശതമാനം ഭാഗത്ത് കന്നഡ ഉപയോഗിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയതിനു പിന്നാലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഉള്‍പ്പെടെ അക്രമാസക്തമായ പ്രതിഷേധം അഴിച്ചുവിട്ട് കന്നഡ അനുകൂല സംഘടനകള്‍.
പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം ഹോട്ടലുകള്‍ക്കും കടകള്‍ക്കും മുന്നില്‍ സ്ഥാപിച്ചിരുന്ന ഇംഗ്ലിഷിലുള്ള ബോര്‍ഡുകള്‍ തകര്‍ത്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോര്‍പ്പറേഷന്‍ ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമം അരങ്ങേറിയത്. ചിലയിടങ്ങളില്‍ ഇംഗ്ലിഷിലുള്ള ബോര്‍ഡുകളില്‍ കറുത്ത പെയിന്റടിച്ചു.
ഫെബ്രുവരി 28-നുള്ളില്‍ ഉത്തരവ് നടപ്പാക്കാണമെന്നായിരുന്നു നിര്‍ദേശം. ഇതു പാലിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കോര്‍പ്പറേഷന്‍ ചീഫ് കമ്മിഷണര്‍ തുഷാര്‍ ഗിരിനാഥ് പറഞ്ഞിരുന്നു. ഈ നിബന്ധന നേരത്തേ ഉണ്ടായിരുന്നെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാതിരിക്കുകയായിരുന്നു. കര്‍ണാടകയില്‍ താമസിക്കുന്നവരെല്ലാം കന്നഡ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒക്‌ടോബറില്‍ പറഞ്ഞതിനു ശേഷമാണ് ഭാഷാവിവാദം വീണ്ടും സംസ്ഥാനത്ത് സജീവമായത്.
