കോഴിക്കോട്∙  അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സമസ്തയുടെ മുഖപത്രത്തില്‍ മുഖപ്രസംഗം. ‘പള്ളി പൊളിച്ചിടത്ത് കാലു വയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന ഇടതുപാര്‍ട്ടികളുടെ നിലപാട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പുനര്‍ചിന്തനം ഉണ്ടായില്ലെങ്കില്‍ 2024ലും ബിജെപി തന്നെ രാജ്യം ഭരിക്കുമെന്നും സമസ്തയുടെ മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി.രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. മൃദു ഹിന്ദുത്വ നിലപാടാണ് മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. മതേതര ജനാധിപത്യകക്ഷികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള നിലപാടിലേക്ക് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുപോകണം. കടുംപിടിത്തങ്ങള്‍ക്കു പകരം ‘ഇന്ത്യ’ സഖ്യത്തിലെ ഇതര പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം വിട്ടുവീഴ്ചകള്‍ക്കും കോണ്‍ഗ്രസ് സന്നദ്ധമാവണം.

ഗുജറാത്തില്‍ സ്വീകരിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സിദ്ധാന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം. അതോടൊപ്പം രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപിയുടെ കെണികളില്‍ വീഴാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കൈവിടുകയും അരുത്. അതല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് ദലിതരും മതന്യൂനപക്ഷങ്ങളും അവര്‍ക്ക് അഭയമേകുന്ന, അവരുടെ ജീവനും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നുറപ്പുള്ള രാഷ്ട്രീയ ബദലുകളിലേക്കു ചേക്കേറുമെന്നും സമസ്തയുടെ മുഖപത്രം മുന്നറിയിപ്പു നല്‍കുന്നു.