ന്യൂഡൽഹി ∙ സംസ്ഥാനത്തിന് ആശ്വാസമായി പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് ഏറ്റവുമധികം കേസുകളുള്ളത് കേരളത്തിലാണെങ്കിലും വ്യാപനം കുറയുന്നുവെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചത് 32 കേസുകൾ മാത്രമാണ്. 232 പേർ രോഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകൾ നിലവിൽ 3096 ആണ്.

 അതേ സമയം അയല്‍ സംസ്ഥാനമായ കർണാടകയിൽ പുതിയ 92 കേസുകള്‍ റിപ്പോർട്ടു ചെയ്തു. ഇതിൽ 34 പേർക്ക് കോവിഡ് വകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 3 മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടില്‍ 4 പേര്‍ക്ക് ജെഎൻ 1 വകഭേദം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ വന്നത് നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക്‌ അയച്ച സാംപിളുകളുടെ ഫലമാണ്. 4 പേരും രോഗമുക്തര്‍ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

  രാജ്യത്ത് ആകെ 4170 ആക്ടിവ് കേസുകളാണ് നിലവിൽ ഉള്ളത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ബൂസ്റ്റർ ഡോസ് ആവആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.