ബെംഗളൂരു∙ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രാ സൗകര്യം വർധിപ്പിക്കാനുള്ള നടപടികളുമായി ബിഎംടിസി. അടുത്ത 4 മാസത്തിനുള്ളിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 179 ഫീഡർ സർവീസുകൾകൂടി ആരംഭിക്കും. നിലവിൽ ബിഎംടിസിയുടെ 141 ബസുകളാണ് സർവീസ് നടത്തുന്നത്. ഏപ്രിലോടെ ഇത് 320 ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.

 നിലവിൽ 38 ഫീഡർ റൂട്ടുകളിലായി പ്രതിദിനം 2264 ട്രിപ്പുകളുണ്ട്. നമ്മ മെട്രോയിലെ 69 സ്റ്റേഷനുകളിലേക്കും ഫീഡർ സർവീസുകൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡീസൽ ബസുകൾക്കു പുറമേ ടാറ്റയിൽ നിന്നു ലഭിച്ച ഇലക്ട്രിക് നോൺഎസി ബസുകളും ഫീഡർ സർവീസിനായി ഉപയോഗിക്കും.

 നമ്മ മെട്രോ പർപ്പിൾ ലൈനിൽ പൂർണമായും സർവീസ് ആരംഭിച്ചതോടെ മെട്രോ സ്റ്റേഷനുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ബിഎംആർസി നിയോഗിച്ച സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ തുടർ യാത്രാ സംവിധാനങ്ങളുടെ പോരായ്മ പ്രധാന പ്രശ്നങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫീഡർ ബസ് സർവീസുകൾ ഇരട്ടിയിലധികമായി വർധിപ്പിക്കാൻ ബിഎംടിസി തീരുമാനിച്ചത്.

 നിലവിൽ പ്രതിദിനം ശരാശരി 76,000 പേർ മെട്രോ ഫീഡർ സർവീസുകളിൽ യാത്ര ചെയ്യുന്നുണ്ട്. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനെയും സെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന റൂട്ടിലാണ് യാത്രക്കാർ കൂടുതലെന്നും ഗതാഗത വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ ചുറ്റളവിൽ യാത്ര ഉറപ്പാക്കുന്നതിനായി ഓട്ടോ തൊഴിലാളി സംഘടനകളുടെ മെട്രോ മിത്ര ആപ്പ് എല്ലാ സ്റ്റേഷനുകളിലും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ബിഎംടിസിയുടെ പുതിയ ഫീഡർ സർവീസുകൾ


ദാസറഹള്ളി, ജാലഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്നു 8 പുതിയ ഫീഡർ ബസ് സർവീസുകൾകൂടി ബിഎംടിസി ആരംഭിച്ചു.

  • എംഎഫ്–25എ: ദാസറഹള്ളി എയ്ട്ത് മൈലിൽ നിന്നു നെലഗാദരനഹള്ളി, നാഗസന്ദ്ര വഴി സുവർണ നഗറിലേക്ക്. ഒരു ബസ് പ്രതിദിനം 16 ട്രിപ്പുകൾ നടത്തും.
  • എംഎഫ്–29: ജാലഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നു സിദ്ദേദഹള്ളി, കുടുരുഗെരെ കോളനി വഴി മദനായകനഹള്ളിയിലേക്ക്. 3 ബസുകൾ, 48 ട്രിപ്പുകൾ.
  • എംഎഫ്–30: ജാലഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നു കണ്ഠീരവ സ്റ്റുഡിയോ, സുമനഹള്ളി, സുഖദകട്ടെ, ഹീരോഹള്ളി ക്രോസ്, അന്തരെഹള്ളി, നെലഗാദരനഹള്ളി, ദാസറഹള്ളി എയ്ട്ത് മൈൽ വഴി ജാലഹള്ളി മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തും. 2 ബസ്, 20 ട്രിപ്പ്.
  • എംഎഫ്–31: ജാലഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നു ദാസറഹള്ളി എയ്ട്ത് മൈൽ, നെലഗാദരനഹള്ളി, തിലഗരബാളയ, അന്തരെഹള്ളി, സുഖദകട്ടെ, സുമനഹള്ളി, കണ്ഠീരവ സ്റ്റുഡിയോ വഴി ജാലഹള്ളി മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തും. 2 ബസ്, 20 ട്രിപ്പ്.
  • മാധവാര നൈസ് റോഡ് ജംക്‌ഷനിൽ നിന്നു വിമാനത്താവളത്തിലേക്കു ബിഎംടിസി വായു വജ്ര സർവീസ് ആരംഭിച്ചു. കെഐഎ–18 നമ്പറിൽ 5 ബസുകൾ പ്രതിദിനം 27 സർവീസുകൾ നടത്തും.

തുമക്കൂരു റോഡിൽ നിന്നും വിമാനത്താവളത്തിലേക്കു പൊതുഗതാഗത മാർഗങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ വിമാനത്താവളത്തിലേക്കുള്ള ബിഎംടിസി വായു വജ്ര സർവീസുകളുടെ എണ്ണം 132 ആയി ഉയർന്നു. 17 റൂട്ടുകളിലായി 912 ട്രിപ്പുകളാണ് പ്രതിദിനം വായു വജ്ര ബസുകൾ നടത്തുന്നത്.