കഗദാസപുര സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ച മെഗാ കാരൾ

ബെംഗളൂരു∙ സ്നേഹ സാഹോദര്യങ്ങളുടെ ക്രിസ്മസ് ആഘോഷ നിറവിൽ ബെംഗളൂരു നഗരവും. പള്ളികളിൽ പിറവി തിരുക്കർമങ്ങൾ നടന്നു. മൈസൂരുവിലെ ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിലെ തിരുപ്പിറവി ശുശ്രൂഷകൾക്കു മണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു.

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിൽ ഇന്നലെ വൈകിട്ട് നടന്ന പിറവി ശുശ്രൂഷകളിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു. സന്ധ്യാനമസ്കാരങ്ങളും പ്രത്യേക കുർബാനകളും സംഘടിപ്പിച്ചു. വാശിയേറിയ ക്രിസ്മസ് കാരൾ മത്സരങ്ങളും നടന്നു. മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും പുതുവർഷം വരെ നീളുന്ന ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. അപ്പാർട്മെന്റുകളിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്..

കാരുണ്യവഴിയിൽകൂട്ടായ്മകൾ

അനാഥാലയങ്ങൾ, വയോജന മന്ദിരങ്ങൾ, വീടുകളിൽ കിടപ്പിലായ രോഗികൾ എന്നിവർക്കൊപ്പം കാരൾ ഗാനങ്ങളും കൈനിറയെ സമ്മാനവും കൈമാറിയാണ് കൂട്ടായ്മകൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാ സമിതിയുടെ നേതൃത്വത്തിൽ കമ്മനഹള്ളിയിൽ തെരുവോരത്ത് കഴിയുന്നവർക്കു കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് ഇ. വി. പോൾ ഉദ്ഘാടനം ചെയ്തു. മിനി നമ്പ്യാർ, പി.കെ. വാസു, സതീഷ് കുമാർ, എം.കെ. പ്രഭാകർ, ബേബി മാത്യു, കെ.കെ. ജോഷി, കൃഷ്ണൻ, നിഷ പ്രശാന്ത്, രജമല്ലി രാജൻ, സന്ധ്യ, സുധ കൃഷ്ണൻ, ജിഷ, പ്രീത റഷീദ, വിഷ്ണു വാസു എന്നിവർ നേതൃത്വം നൽകി.

കഗദാസപുര കാരൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് കഗദാസപുര സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ച കാരൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. രാജ്യത്തു സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കാരളെന്ന നിലയിലാണ് അംഗീകാരമെന്ന് സംഘാടകർ അറിയിച്ചു.
6 ഭാഷകളിൽ ക്രിസ്മസ് ഗാനങ്ങളും നൂറിലധികം സാന്താക്ലോസ് ഉൾപ്പെടെ കാരളിന്റെ ഭാഗമായിരുന്നു. ഫാ. ഡോ. ഡേവിസ് പണാടൻ, ഫാ. ആൽബിൻ എളംതുരുത്തിൽ എന്നിവർ നേതൃത്വം നൽകി.