ഓസീസ് താരം ടെഹ്‌ലിയ മെഗ്രോയെ പുറത്താക്കിയ ഹർമൻപ്രീത് കൗറിനെ (വലത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ
മുംബൈ ∙ ബാറ്റു കൊണ്ടല്ലെങ്കിൽ ബോൾ കൊണ്ട്; ഹർമൻപ്രീത് കൗർ മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ്! മൂന്നാം ദിനം അവസാന സെഷനിൽ തന്റെ മാജിക്കൽ സ്പെല്ലിലൂടെ പന്തും മത്സരവും ‘തിരിച്ച’ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് സിജിറാവു നൽകി.
3ന് 205 എന്ന നിലയിൽ മത്സരത്തിൽ ഓസീസ് പിടിമുറുക്കിയ സമയത്താണ് 15 റൺസിനിടെ 2 വിക്കറ്റുകൾ വീഴ്ത്തി ഹർമൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ബാറ്റിങ്ങിൽ പൂജ്യത്തിനു പുറത്തായതിന്റെ തിരിച്ചടി മറികടന്നാണ് ബോളിങ്ങിൽ ഹർമന്റെ മികച്ച പ്രകടനം.
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 5ന് 233 എന്ന നിലയിലാണ് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ സന്ദർശകർക്കിപ്പോൾ 46 റൺസ് ലീഡുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 406 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 219, രണ്ടാം ഇന്നിങ്സ് 5ന് 233. ഇന്ത്യ ഒന്നാം ഇന്നിങ്സ് 406 .
ഒരു ദിവസവും 5 വിക്കറ്റും ശേഷിക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കാനാകും ഓസീസിന്റെ ശ്രമം. എന്നാൽ സ്പിന്നിന് അനുകൂലമായ മുംബൈ പിച്ചിൽ നാലാം ദിനം അതിജീവിക്കുക ഓസീസിന് എളുപ്പമാകില്ല.
