തിരുവനന്തപുരം∙  ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. പിണറായി സൈക്കോ പാത്ത് ആണ്. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്നും സുധാകരൻ ആരോപിച്ചു.

  ‘‘പിണറായിക്ക് കൊലയാളി മനസ്സാണ്. പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആളില്ല. കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ?’ – കെ.സുധാകരൻ ചോദിച്ചു. 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് മുന്നറിയിപ്പു  നൽകിയ കെപിസിസി പ്രസിഡന്റ്, കോൺഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്കു വ്യാപിപ്പിക്കുമെന്നും അറിയിച്ചു. 

  നവകേരള സദസ്സിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കു‌മെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഡിജിപി കസേരയിലിരിക്കുന്നത് അർഹതയില്ലാത്തയാളാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. സംസ്ഥാനത്ത് രണ്ട് ഡിജിപിമാരുണ്ടെന്നും പി. ശശി ആക്ടിങ് ഡിജിപിയാണെന്നും അദ്ദേഹം പരിഹസിച്ചു.