പത്തനാപുരം (കൊല്ലം)∙ ഗണേഷ്കുമാർ എംഎൽഎ ഭാര്യ ബിന്ദുവിന്റെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്നു മറച്ചു വച്ചതിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു. വാളകം സ്വദേശിയായ മുരളീധരൻ പിള്ളയ്ക്കു 2018ൽ രണ്ടു തവണയായി ബാങ്ക് അക്കൗണ്ടിലൂടെ 30 ലക്ഷം രൂപ നൽകിയെന്നും ലാഭവും പലിശയും അടക്കം 1.20 കോടി രൂപ ലഭിക്കാനുണ്ടെന്നും കാണിച്ച് ബിന്ദു കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു യദുകൃഷ്ണൻ കോടതി സമീപിച്ചത്.

ഈ തുകയുടെ കാര്യം സത്യവാങ്മൂലത്തിലില്ലെന്നു ഹർജിയിൽ പറയുന്നു. ബിന്ദുവിന്റെ പേരിൽ ദുബായിൽ വാങ്ങിയ രണ്ട് ഫ്ലാറ്റുകളെക്കുറിച്ചു സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെങ്കിലും ഇത് വാങ്ങിയ വർഷം സത്യവാങ് മൂലത്തിൽ കാണിച്ചിട്ടില്ല. ഒരു കോടിക്കു വാങ്ങിയ വസ്തുവിനു സത്യവാങ്മൂലം തയാറാക്കിയ ദിവസം 12 കോടി രൂപ വിലയുണ്ടെന്നും കാണിച്ചിട്ടുണ്ട്. ഈ ഇടപാട് കാണിച്ച് നിക്ഷേപകൻ എന്ന നിലയിലാണു ഗണേഷ് കുമാർ ദുബായിൽ ഗോൾഡൻ വീസ സമ്പാദിച്ചതെന്നും ഫ്ലാറ്റുകൾ വാങ്ങിയ തീയതി ഒഴിവാക്കിയതും, വാങ്ങിയ വിലയുടെ 12 ഇരട്ടി മാർക്കറ്റ് വില കാണിച്ചതും കളളപ്പണം വെളുപ്പിക്കാനാണെന്നും പരാതിയിൽ പറയുന്നു.