ഉടനടി ‘രക്ഷാപ്രവർത്തനം’… ആലപ്പുഴയിൽ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിക്കുന്നു. (വിഡിയോ ദൃശ്യത്തിൽനിന്ന്)
കൊച്ചി∙ നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ മർദിച്ച സംഭവത്തിൽ സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാമെന്ന് കോടതി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നൽകിയ ഹർജിയിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.
ബസിനു നേരെ കരിങ്കൊടി കാണിക്കാൻ എത്തിയവരെ ഗൺമാൻ മർദിക്കുന്നതു കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. മർദന ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും ബസിനു നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
