തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടു ചോദ്യങ്ങളിൽ മുഖ്യമന്ത്രി പ്രകോപിതനായി. ആവർത്തിച്ചു ചോദിച്ച മാധ്യമപ്രവർത്തകയോടു പറഞ്ഞതിങ്ങനെ – ‘‘നിങ്ങളെന്തിനാ ചാടിക്കൊണ്ടിരിക്കുന്നത്? ശബ്ദമുയർത്തി പറഞ്ഞാൽ കാര്യം നേടിക്കളയാമെന്ന ധാരണ വേണ്ട.’’

പാർട്ടിക്കാരുടെ അക്രമം വിലക്കാത്തത് എന്തെന്ന ചോദ്യത്തിന്, സംയമനം പാലിക്കാനാണ് ആദ്യദിവസം മുതൽ പറയുന്നതെന്നും ചോദ്യകർത്താവായ മാധ്യമപ്രവർത്തകനു ചെകിട് കേൾക്കാത്തതുകൊണ്ടാകാം അതു കേൾക്കാത്തതെന്നും ആയിരുന്നു മറുപടി.

കൊച്ചിയിൽ യൂത്ത് കോൺഗ്രസുകാർ ഷൂസ് എറിഞ്ഞതുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തത് പൊലീസിന്റെ മുൻപിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയല്ലെന്നു തെളിവുണ്ടെങ്കിൽ ഹാജരാക്കൂ. താൻ ഇക്കാര്യം പരിശോധിക്കാൻ ഉദ്ദേശിക്കുന്നില്ല.

മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ട്. അതു ചെയ്തിട്ടുണ്ടെങ്കിൽ അതിന്റേതായ കേസും വരും. സാധാരണയായി നടത്തുന്ന മാധ്യമപ്രവർത്തനം ഗൂഢാലോചനയല്ല. അതിൽനിന്നു മാറിപ്പോകുമ്പോഴാണു ഗൂഢാലോചനയുടെ ഭാഗം വരുന്നത്– മുഖ്യമന്ത്രി പറഞ്ഞു.