സെഞ്ചറി തികച്ച സഞ്ജു സാംസണിന്റെ ആഹ്ലാദം
പാൾ (ദക്ഷിണാഫ്രിക്ക) ∙ അടിച്ചു തകർക്കുന്ന തന്റെ പതിവുശൈലി മാറ്റിവച്ച് ക്ഷമയോടെ ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റിയ സഞ്ജു സാംസണിന്റെ കന്നി സെഞ്ചറിയുടെ (114 പന്തിൽ 108) മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് ജയം. പരമ്പര 2–1നു സ്വന്തം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 296 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.5 ഓവറിൽ 218 റൺസിൽ അവസാനിച്ചു. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. പേസ് ബോളർ അർഷ്ദീപ് സിങ് പ്ലെയർ ഓഫ് ദ് സീരീസ്. 5 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
പാളിലെ ബോളണ്ട് പാർക്കിൽ കന്നി സെഞ്ചറിയുമായി സഞ്ജു മിന്നിയപ്പോൾ അർധ സെഞ്ചറി നേടിയ തിലക് വർമ (77 പന്തിൽ 52) കൂട്ടായി. അവസാന ഓവറുകളിൽ അടിച്ചു കളിച്ച റിങ്കു സിങ്ങും (27 പന്തിൽ 38) ഇന്ത്യൻ ഇന്നിങ്സിൽ മികച്ച പങ്കുവഹിച്ചു. രണ്ടാം ഏകദിനത്തിൽ സെഞ്ചറിയടിച്ച് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപിയായ ഓപ്പണർ ടോണി ഡി സോർസി (87 പന്തിൽ 81) ഇത്തവണയും ആതിഥേയർക്കു പ്രതീക്ഷ നൽകിയെങ്കിലും കൂട്ടുനിൽക്കാൻ ആരുമുണ്ടായില്ല. 36 റൺസെടുത്ത എയ്ഡൻ മാർക്രമാണ് അവരുടെ രണ്ടാമത്തെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി അർഷ്ദീപ് സിങ് 4 വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, വാഷിങ്ടൻ സുന്ദർ എന്നിവർ 2 വിക്കറ്റ് വീതം നേടി.
ഓപ്പണർമാരായ രജത് പട്ടീദാറെയും (22) സായ് സുദർശനെയും (10) എട്ടാം ഓവറിൽ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് സഞ്ജുവും ക്യാപ്റ്റൻ കെ.എൽ.രാഹുലും (21) ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അടിത്തറ നൽകിയത്. 52 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 19–ാം ഓവറിൽ രാഹുൽ പുറത്തായതിനു ശേഷം ക്രീസിലെത്തിയ തിലക് വർമ താളം കണ്ടെത്താൻ സമയമെടുത്തു. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗവും കുറഞ്ഞു. നേരിട്ട 39–ാം പന്തിലാണ് തിലക് ആദ്യ ബൗണ്ടറി നേടിയത്.
നാലാം വിക്കറ്റിൽ സഞ്ജുവും തിലകും ചേർന്ന് 116 റൺസ് നേടി. 42–ാം ഓവറിൽ തിലക് പുറത്തായ ശേഷം സഞ്ജുവിനു കൂട്ടായി റിങ്കു സിങ് എത്തിയതോടെ റൺറേറ്റ് ഉയർന്നു. സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് ലോങ് ഓഫിലേക്കു തട്ടിയിട്ട് സഞ്‍ജു കന്നി സെഞ്ചറി തികച്ചതോടെ ഗാലറിയിലും ഡ്രസ്സിങ് റൂമിലും ആവേശമായി.
സ്കോറിങ് വേഗം ഉയർത്താനുള്ള ശ്രമത്തിനിടെ 46–ാം ഓവറിൽ സഞ്ജു മടങ്ങിയെങ്കിലും റിങ്കു തന്റെ ഫിനിഷർ റോൾ ഇത്തവണയും ഭംഗിയാക്കി. 3 ഫോറും 2 സിക്സും അടങ്ങുന്നതാണ് റിങ്കുവിന്റെ ഇന്നിങ്സ്. വാഷിങ്ടൻ സുന്ദർ (9 പന്തിൽ 14) മികച്ച കൂട്ടായി. ദക്ഷിണാഫ്രിക്കൻ ബോളർമാർ വഴങ്ങിയ 22 എക്സ്ട്രാ റൺസും ഇന്ത്യയെ തുണച്ചു.
- ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിൽ ഏകദിന സെഞ്ചറി നേടുന്ന 8–ാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ.
- ദക്ഷിണാഫ്രിക്കയിലെ പാൾ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ സെഞ്ചറി നേടുന്ന മൂന്നാമത്തെ വിദേശ താരമാണ് സഞ്ജു സാംസൺ. സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് മുൻഗാമികൾ. ഇവിടെ പിറന്ന മറ്റ് 7 സെഞ്ചറികളും നേടിയത് ദക്ഷിണാഫ്രിക്കൻ താരങ്ങളാണ്.
