കോഴിക്കോട്∙ കെഎസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു എതിരെയുള്ള അക്രമസംഭവങ്ങളിൽ പൊലീസ് കൃത്യമായ നിയമനടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ തിരിച്ചു തല്ലിക്കോളാനാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബാലുശ്ശേരിയിൽ യുഡിഎഫ് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതു കൊണ്ടാണ് ഇന്നലെ തല്ലിയയവരെ തിരിച്ചു തല്ലിയത്. ഇന്ന് സിപിഎം പറയുന്നത് ഞാൻ പറഞ്ഞിട്ടാണ് തല്ലിയതെന്നാണ്. അതു അങ്ങനെ തന്നെയാണ് ഒരു സംശയവും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടു ബസ്, ഒരു പൊലീസ് വാൻ എന്നിവയെല്ലാം തല്ലിത്തകർത്തെന്നു പറഞ്ഞാണു എന്നെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വേണ്ടി വന്നാൽ കെഎസ്‌‍‌യു, യൂത്ത് കോൺഗ്രസ് കുട്ടികൾക്കൊപ്പം ഞാൻ ജയിലിൽ പോയി കിടക്കും. പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിനെ തകർത്തിട്ടേ പോകൂ. അധികാരം എടുത്ത് അമ്മാനമാടുന്ന സിപിഎം ഏരിയ സെക്രട്ടറിമാർക്കൊപ്പം ജില്ലാ സെക്രട്ടറി പി.മോഹനനൊക്കെ ഏതോ നാട്ടിൽ പൊറോട്ട അടിക്കാൻ പോകുന്ന കാര്യം ആലോചിക്കുമ്പോൾ വിഷമം ഉണ്ട്. നാശത്തിന്റെ മണി സിപിഎമ്മിൽ മുഴങ്ങിക്കഴിഞ്ഞെന്ന് സതീശൻ പറഞ്ഞു.

ഡിജിപി ഓഫിസിലേക്ക് മാർച്ച് നടത്തിയ കെ‌എസ്‌യു പ്രവർത്തകരെ പൊലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നെന്ന് വി.‍ഡി.സതീശൻ കുറ്റപ്പെടുത്തി. വിദ്യാർഥി നേതാക്കളെയും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം.

എസ്എഫ്ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പൊലീസ് കെഎസ്​യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓർക്കണമെന്നും സതീശൻ പറഞ്ഞു.