ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ 2 വാഹനങ്ങൾക്കുനേരെ ഭീകരസംഘം നടത്തിയ ആക്രമണത്തിൽ 5 ഭടന്മാർ വീരമൃത്യു വരിച്ചു. 3 പേർക്കു ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച മുതൽ ഏറ്റുമുട്ടൽ നടക്കുന്ന താനാമണ്ഡിക്കു സമീപമുള്ള ദേരാ കി ഖലിയിൽ ഇന്നലെ വൈകിട്ട് 3.45 ന് ആയിരുന്നു സ്ഫോടനം.

മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം 22ന് രജൗറിയിലെ ബാജിമാലിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 ക്യാപ്റ്റന്മാർ ഉൾപ്പെടെ 5 സൈനികർ കൊല്ലപ്പെട്ടിരുന്നു. ശൈത്യകാലം ശക്തമായതോടെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റവും ആക്രമണവും വർധിച്ചിട്ടുണ്ട്.ഭീകരര്‍ക്കായി സൈന്യം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.