• മുംബൈ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ഹാജി മസ്താനെ വെല്ലുവിളിച്ചായിരുന്നു ദാവൂദ് ഇബ്രാഹിം എന്ന കൊടുംഭീകരന്റെ തുടക്കം.
  • ഒരിക്കൽ പിടിയിലാകുന്നതിനു തൊട്ടുമുൻപേ അയാൾ ഇന്ത്യയിൽനിന്നു കടന്നു. പിന്നീടൊരിക്കൽ ഇന്ത്യൻ ഇന്റലിജൻസൊരുക്കിയ മരണക്കെണിയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • ആരാണ് ദാവൂദിനെ സംരക്ഷിക്കുന്നത്? ഇപ്പോൾ എവിടെയാണയാൾ? ഇന്നും ദുരൂഹമായ ആ ജീവിതത്തിന് ഇതിനോടകം മരണം തിരശ്ശീലയിട്ടുകാണുമോ?

ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്ത കൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതു ഇതാദ്യമായല്ല.