പിണറായി വിജയൻ, സഞ്ജു സാംസൺ
തിരുവനന്തപുരം∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചറി നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്റെ നേട്ടം അഭിമാനമുണ്ടാക്കുന്നതാണെന്ന് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ആദ്യ കേരള താരമാണു സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 114 പന്തുകൾ നേരിട്ട സഞ്ജു 108 റൺസെടുത്താണു പുറത്തായത്.
‘‘രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടിയ ആദ്യ കേരള താരം സഞ്ജു സാംസണിന് അഭിനന്ദനങ്ങൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരവും പരമ്പരയും വിജയിക്കുന്നതിൽ സഞ്ജു സാംസൺ വഹിച്ച പങ്ക് പ്രശംസനീയമാണ്. നമുക്ക് അഭിമാനമുണ്ടാക്കുന്ന നേട്ടമാണിത്. ഭാവിയിലും വലിയ വിജയങ്ങളുണ്ടാകട്ടെ.’’– മുഖ്യമന്ത്രി പിണറായി വിജയൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
114 പന്തിൽ 108 റണ്‍സാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിൽ ഏകദിന സെഞ്ചറി നേടുന്ന 8–ാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയിലെ പാൾ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ സെഞ്ചറി നേടുന്ന മൂന്നാമത്തെ വിദേശ താരവുമായി ഇതോടെ സഞ്ജു. സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് മുൻഗാമികൾ. ഇവിടെ പിറന്ന മറ്റ് 7 സെഞ്ചറികളും നേടിയത് ദക്ഷിണാഫ്രിക്കൻ താരങ്ങളാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 296 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.5 ഓവറിൽ 218 റൺസിൽ അവസാനിച്ചു. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. പേസ് ബോളർ അർഷ്ദീപ് സിങ് പ്ലെയർ ഓഫ് ദ് സീരീസ് ആയി. 5 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
