നാഗർകോവിൽ ജംക്‌ഷൻ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിലെ തിരക്ക്

കോഴിക്കോട്∙ തിരക്കേറിയ പരശുറാം എക്സ്പ്രസിൽ ആഘോഷസീസണിലെ തിരക്കുകൂടി കണക്കിലെടുത്ത് ഒരാഴ്ച 2 കോച്ചുകൾ അനുവദിച്ച റെയിൽവേ പിന്നീട് മണിക്കൂറുകൾക്കകം അതു പിൻവലിച്ചു. ഇന്നലെ വൈകീട്ട് 6.22നാണ് അധികകോച്ചുകൾ അനുവദിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് പ്രതിദിന യാത്രക്കാർ ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് രാത്രി 9.10ന് ഈ പത്രക്കുറിപ്പ് പിൻവലിച്ചതായി അറിയിച്ചുകൊണ്ട് റെയിൽ‍വേ അടുത്ത പത്രക്കുറിപ്പ് ഇറക്കിയത്.

പാലക്കാട് ഡിവിഷനൽ ആസ്ഥാനത്തുനിന്നായിരുന്നു രണ്ടും. 16649 മംഗളൂരു–നാഗർകോവിൽ, 16650 നാഗർകോവിൽ–മംഗളൂരു എക്സ്പ്രസുകളിൽ ഇന്നു മുതൽ ജനുവരി 1 വരെയായിരുന്നു അധികകോച്ചുകൾ വീതം അനുവദിച്ചത്.അതേ സമയം, വന്ദേഭാരത് എക്സ്പ്രസ് പോകാനായി വടകരയ്ക്കും കോഴിക്കോടിനും ഇടയിൽ പരശുറാം എക്സ്പ്രസ് നിർത്തിയിട്ട് ട്രെയിൻ യാത്രക്കാരെ ദ്രോഹിക്കുന്ന ക്രൂരമായ നടപടി റെയിൽവേ തുടരുകയാണ്. ഇതുമൂലം യാത്രക്കാർ ഓഫിസുകളിലും ആശുപത്രികളിലും വൈകിയെത്തുന്നതു പതിവായി. ഇന്നലെ രാവിലെ കൊയിലാണ്ടിയിൽ 8.25ന് എത്തിയ പരശുറാം കോഴിക്കോട്ടേക്കു പുറപ്പെട്ടത് 9.05 ആണ്.

ആ സമയം വന്ദേഭാരത് 35 കിലോമീറ്റർ പിന്നിലായിരുന്നു. വന്ദേഭാരതിനു പിന്നാലെ നേത്രാവതി എക്സ്പ്രസും പോയ ശേഷമാണ് പരശുറാം കടത്തിവിട്ടത്. ഈ സമയംകൊണ്ട് പരശുറാമിന് കോഴിക്കോട് സ്റ്റേഷനിൽ എത്താമായിരുന്നു.  ബുധനാഴ്ച രാവിലെ 8.40ന് പരശുറാം കോഴിക്കോട്ട് എത്തിയെങ്കിലും പുറപ്പെട്ടത് 9.20നാണ്. ബുധനാഴ്ചയും 40 മിനിറ്റ് പിടിച്ചിട്ടതു വന്ദേഭാരത് പോകാൻ വേണ്ടി. ഈ സമയംകൊണ്ട് പരപ്പനങ്ങാടിയി‍ൽ എത്താമായിരുന്നുവെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

വന്ദേഭാരതിന്റെ സമയം പുതുക്കണം: പ്രശ്നത്തിനു പരിഹാരം വന്ദേഭാരതിന്റെ സമയം പുതുക്കകൽ മാത്രമാണ്. കാസർകോട്ടു നിന്ന് വന്ദേഭാരത് രാവിലെ 4ന് പുറപ്പെട്ട് 6ന് കോഴിക്കോട്ട് എത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും.
           - പി.കെ.സി.ഫൈസൽ, മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം