മുബൈ ഇന്ത്യൻസ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചത് അനിവാര്യമായ തലമുറമാറ്റമാണെങ്കിലും കടുത്ത മുംബൈ ആരാധകർക്ക് ഒട്ടും പിടിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽനിന്ന് ടീമിനെ അൺഫോളോ ചെയ്യാനുള്ള ആഹ്വാനം മണിക്കൂറുകൾകൊണ്ടു തന്നെ പതിനായിരങ്ങളാണ് ഏറ്റെടുത്തത്. നായകനായിരുന്ന രോഹിത്തിനോടുള്ള ഇഷ്ടക്കൂടുതൽ പോലെ തന്നെ ഹാർദിക്കിനോടുള്ള ഇഷ്ടക്കുറവുമുണ്ട് ആരാധകരുടെ എതിർപ്പിനു പിന്നിൽ. ഹാർദിക്കിനെ മുംബൈ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് തിരിച്ചു കൊണ്ടുവന്നതു തന്നെ പലർക്കും രുചിച്ചിരുന്നില്ല. എങ്കിലും രോഹിത്തിനു കീഴിൽ കളിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ രോഹിത്, ഹാർദിക്കിനു കീഴിൽ കളിക്കുമെന്നറിഞ്ഞതോടെ അവർ ശാപവാക്കുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഹാർദിക്കിനും ടീമിനുമെല്ലാം പഴിയുണ്ട്. നാശത്തിന്റെ തുടക്കം… എന്നാണ് പലരും കുറിച്ചത്. ചിലർ ടീം ജഴ്സി കത്തിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ആരാധകർ മാത്രമല്ല, ജോൺ റൈറ്റിനെപ്പോലുള്ള ക്രിക്കറ്റ് വിദഗ്ധരും രോഹിത്തിനെ താഴെയിറക്കിയതിനെതിരെ രംഗത്തുവന്നു. ക്യാപ്റ്റൻസി രോഹിത് സ്വയം തോന്നി ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും പിടിച്ചിറക്കിയത് വളരെ മോശമായെന്നും അഭിപ്രായങ്ങളുണ്ട്.

